ജാമിഅ മില്ലിയയിലെ സംഘർഷം; വിദ്യാർത്ഥികളെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്ന് പരാതി
വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു
ഡൽഹി: ജാമിഅ മില്ലിയയിലെ സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ലെന്ന് പരാതി. ഫത്തേപൂർ ബേരി പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥികളുള്ളത്. വനിതാ അഭിഭാഷകരോട് പൊലീസ് മോശമായി പെരുമാറുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് പതിമൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ പ്രകടനവുമായി എത്തിയവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
വിദ്യാർത്ഥികളെ വിട്ടയക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇവരെ കാണാൻ പൊലീസ് സ്റ്റേഷന് പുറത്ത് അഭിഭാഷകർ എത്തിയെങ്കിലും അനുവാദം നൽകിയില്ല. മൂന്നുമണിക്കൂറായി അഭിഭാഷകർ പുറത്തുനിൽക്കുകയാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.