ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോ? മന്ത്രിയുടെ മറുപടിയില്‍ കർണാടക സഭ സമരഭൂമിയാക്കി കോണ്‍ഗ്രസ് എം.എല്‍.എമാര്‍

ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നുമാണ് കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം

Update: 2022-02-18 01:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

കർണാടക വിധാൻ സഭയിൽ രാത്രി വൈകിയും പ്രതിഷേധം തുടർന്ന് കോൺഗ്രസ് എം.എൽ.എമാർ. ഗ്രാമ വികസന മന്ത്രി കെ.എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോ എന്ന് മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ഇപ്പോഴല്ല, ഭാവിയിൽ അത് സാധ്യമാകുമെന്ന് മന്ത്രി കെ.എസ് ഈശ്വരപ്പയുടെ മറുപടി. ഈ മറുപടിയാണ് കർണാടക നിയമസഭയെ രാത്രി വൈകിയും സമരഭൂമിയാക്കിയത്. ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ ശിവമോഗയില്‍ സര്‍ക്കാര്‍ കോളേജില്‍ ത്രിവര്‍ണ്ണ പതാക മാറ്റി കാവി പതാക ഉയര്‍ത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് രാത്രി മുഴുവൻ സഭയിൽ തുടരാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.

ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നുമാണ് കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം. ഇന്നലെ പകലും വിധാൻ സഭ പ്രക്ഷുബ്ധമായിരുന്നു. മന്ത്രിക്ക് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞതോടെ സഭയിലുണ്ടായത് രൂക്ഷ വാക്കേറ്റമാണ്. രാജ്യത്തിന്‍റെ ദേശീയപതാകയ്ക്ക് കാവൽ നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു. സമരം പിൻവലിക്കാൻ പ്രതിപക്ഷവുമായി ചർച്ച നടത്തിയെന്നും ചർച്ച ഇന്നും തുടരുമെന്നും ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News