കോൺഗ്രസ് പ്ലീനത്തിൽ മൗലാനാ ആസാദ് 'ഔട്ട്'; നരസിംഹറാവു 'ഇന്‍'-വിവാദം, വിശദീകരണം

മാപ്പർഹിക്കാത്ത വീഴ്ചയാണെന്ന് ജയറാം രമേശ് പ്രതികരിച്ചു

Update: 2023-02-26 11:53 GMT
Editor : Shaheer | By : Web Desk
Advertising

റായ്പൂർ: ചത്തിസ്ഗഢിൽ നടക്കുന്ന 85-ാമത് കോൺഗ്രസ് പ്ലീനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തെച്ചൊല്ലി വിവാദം. പ്ലീനം സമാപനത്തിൻരെ ഭാഗമായി ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ സ്വാതന്ത്ര്യ സമര നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മൗലാനാ അബുൽ കലാം ആസാദിന്റെ ചിത്രം ഒഴിവാക്കിയതാണ് വിവാദമായിരിക്കുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവു ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങൾ ചേർത്തപ്പോഴാണ് ആസാദ് പുറത്തായത്.

സംഭവത്തിൽ വൻവിമർശനം ഉയർന്നതോടെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിശദീകരണവുമായി രംഗത്തെത്തി. മാപ്പില്ലാത്ത കുറ്റമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകുമെന്നം അറിയിച്ചിട്ടുണ്ട്.

'ഇന്ന് കോൺഗ്രസ് പുറത്തിറക്കിയ പരസ്യത്തിൽ മൗലാനാ ആസാദിനെ ചേർത്തിരുന്നില്ല. മാപ്പർഹിക്കാത്ത വീഴ്ചയാണിത്. ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഏറ്റവും ആത്മാർത്ഥമായ ക്ഷമാപണമാണിത്. മൗലാനാ ആസാദ് എന്നും നമ്മുടെയും ഇന്ത്യയുടെയും പ്രതീകവും പ്രചോദനവുമായി തുടരും'-ജയറാം രമേശ് കൂട്ടിച്ചേർത്തു.

അതേസമയം, നഗരസിംഹറാവുവിന്റെ ചിത്രം ചേർത്തതിലും വിമർശനം ഉയരുന്നുണ്ട്. ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ(എ.ഐ.എം.ഐ.എം) അടക്കം വിഷയം ഉയർത്തി കോൺഗ്രസിനെതിരെ രംഗത്തെത്തി. ബാബരി മസ്ജിദ് തകർത്തതിൽ റാവുവിന് സുപ്രധാന പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

'പി.വി നരസിംഹ റാവുവിനെ ഉൾപ്പെടുത്തിയത് കോൺഗ്രസ് പാർട്ടിയുടെ 'മതേതരത്വ'ത്തെക്കുറിച്ച് നമ്മൾ അറിയേണ്ടതെല്ലാം പറയുന്നുണ്ട്. ബാബരി ധ്വംസനത്തിൽ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് നരസിംഹ റാവു സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതു പൊറുക്കാനും മറക്കാനും പാടില്ല.'-എ.ഐ.എം.ഐ.എം ട്വീറ്റ് ചെയ്തു.

അതിനിടെ, റായ്പൂരിൽ മൂന്നു ദിവസമായി നടന്നുവരുന്ന എ.ഐ.സി.സി പ്ലീനം 'മിഷൻ 2024' ദൗത്യത്തിന്റെ പ്രഖ്യാപനവുമായി സമാപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള അജണ്ടകളാണ് പ്ലീനത്തിൽ പ്രധാനമായും അവതരിപ്പിച്ചത്. കോൺഗ്രസിന്റെ സർവശക്തിയും സംഭരിച്ചുള്ള തിരിച്ചുവരവിനുള്ള ആസൂത്രണങ്ങളാണ് റായ്പൂരിൽ നടന്നത്. പ്രതിപക്ഷ ഐക്യചർച്ചകളും സമ്മേളനത്തിലുണ്ടായി.

ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സമാപന പ്രസംഗം നടത്തി. ചടങ്ങിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷവിമർശനം നടത്തി. മുതിർന്ന നേതാവ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Summary: The Congress advertisement for its 85th plenary session happening in Raipur, Chattisgarh, receives wide criticism over omitting the image of Maulana Abul Kalam Azad and including the image of former Prime Minister PV Narasimha Rao.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News