രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലി, ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കും: മല്ലികാർജുൻ ഖാർഗെ
2019 നവംബറിലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്ര നിർമാണം തുടങ്ങിയത്. തർക്കഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നുമായിരുന്നു വിധി
അഗര്‍ത്തല: രാമക്ഷേത്രം അടുത്ത വർഷം തുറക്കുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയ്‌ക്കെതിരെ കോൺഗ്രസ്. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികൾ നോക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലി എന്നും ഖാർഗെ പറഞ്ഞു.
2019 നവംബറിലെ സുപ്രിം കോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്ര നിർമാണം തുടങ്ങിയത്. തർക്കഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നുമായിരുന്നു വിധി. 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തിൻറെ നിർമാണം പകുതി പൂർത്തിയായെന്ന് കഴിഞ്ഞ നവംബറിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിക്കുകയുണ്ടായി.
പിന്നാലെയാണ് രാമക്ഷേത്രം തുറക്കുന്ന തിയ്യതി അമിത് ഷാ പ്രഖ്യാപിച്ചത്. ക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ അറിയിക്കുകയുണ്ടായി. തീർഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്സ്, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരിമാർക്കുള്ള മുറികൾ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.