പ്രിയങ്കാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ഗൂഢാലോചനയെന്ന് കോൺഗ്രസ്

ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ ആരോപിച്ചു.

Update: 2023-11-15 10:56 GMT
Advertising

ഭോപ്പാൽ: തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് പ്രിയങ്കാ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മണിക്കം ടാഗോർ ആരോപിച്ചു.

പ്രധാനമന്ത്രിക്കെതിരെ വസ്തുതാപരമല്ലാത്ത ആരോപണമുന്നയിച്ചെന്ന ബി.ജെ.പിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രിയങ്കക്ക് നോട്ടീസ് അയച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പ്രചാരണം ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് അവർ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷവും സുതാര്യവുമായാണ് പ്രവർത്തിക്കേണ്ടത്. കോൺഗ്രസ് നൽകിയ പരാതികളിലും അവർ നടപടിയെടുക്കണം. എന്നാൽ അത് അവർ പരിഗണിക്കുന്നുപോലുമില്ല. പാർട്ടിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോൾ പ്രിയങ്കക്ക് നോട്ടീസ് അയച്ചതെന്നും മണിക്കം ടാഗോർ പറഞ്ഞു.

മധ്യപ്രദേശിലെ ദേവാസിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി. ഭെൽ അടക്കമുള്ള കമ്പനികൾ മോദി തന്റെ വ്യവസായി സുഹൃത്തുക്കൾക്ക് നൽകിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പി നേതാക്കളായ ഹർദീപ് സിങ് പുരി, അനിൽ ബലൂനി, ഓം പതക് എന്നിവരാണ് പ്രിയങ്കക്കെതിരെ പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രിയങ്കക്ക് നോട്ടീസ് അയച്ചത്. വ്യാഴാഴ്ച വൈകീട്ട് എട്ട് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News