പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾക്ക് പച്ചക്കൊടി; 'മിഷൻ 2024' പ്രഖ്യാപിച്ച് കോൺഗ്രസ്
എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനം. അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ ത്രിദിന ചിന്തൻ ശിബിർ സംഘടിപ്പിക്കും
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് പച്ചക്കൊടി കാണിച്ച് കോൺഗ്രസ് പ്രവർത്തക സമിതി. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാനായി എംപവർ കമ്മിറ്റിയെ നിയോഗിച്ചു. പ്രശാന്ത് കിഷോറിന്റെ ശിപാർശകൾ പഠിച്ച എട്ടംഗ സമിതിയുടെ നിർദേശപ്രകാരമാണ് നീക്കം. അതേസമയം, പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല തയാറായിട്ടില്ല.
ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന എ.ഐ.സി.സി പ്രവർത്തക സമിതി യോഗത്തിലാണ് എട്ടംഗ സമിതിയുടെ നിർദേശങ്ങൾ വിശദമായി പരിശോധിച്ചത്. തുടർന്ന് 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വെല്ലുവിളികൾ നേരിടാനായി എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 2024ലേക്കുള്ള ദൗത്യസംഘത്തെ നിയമിച്ചത്. ഇതിന്റെ ഭാഗമായി അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ ത്രിദിന കോംക്ലേവ് നടത്തും.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് നവസങ്കൽപ്പ് എന്ന പേരിൽ ഉദയ്പൂരിൽ ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്നാണ് സോണിയ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സുർജേവാല അറിയിച്ചു. മെയ് 13, 14, 15 തിയതികളിലായിരിക്കും പരിപാടി നടക്കുക. ഇതിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി 400ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
നിലവിലെ രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളുമായിരിക്കും ചിന്താ ശിബിരത്തിലെ മുഖ്യ ചർച്ചയെന്ന് സുർജേവാല പറഞ്ഞു. കർഷകക്ഷേമം, പട്ടിക ജാതി-പട്ടിക വർഗ, ഒ.ബി.സി, മത, ഭാഷാ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം സാമൂഹിക നീതിയും ശാക്തീകരണവും, യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളുമെല്ലാം ചർച്ചയാകും ഇതോടൊപ്പം സംഘടനാ ശാക്തീകരണ, പുനസ്സംഘടനാ വിഷയങ്ങളും 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പദ്ധതികളും ആലോചനയിൽ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Summary: Congress announces 2024 action plan, green flag for Prashant Kishor's suggestions