റഫാൽ ഇടപാടിലെ കൈക്കൂലി അന്വേഷിക്കണമെന്ന് കോൺഗ്രസ്
റഫാൽ കരാറിനായി ദസോ എവിയേഷൻ 65 കോടി രൂപ ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് കൈക്കൂലി നൽകിയെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയപാർട്ട് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
റഫാൽ ഇടപാടിൽ ഇടനിലക്കാരൻ 65 കോടി കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് കോൺഗ്രസ്. അഴിമതിയുടെ തെളിവ് ലഭിച്ചിട്ടും ഇഡിയും സിബിഐയും അന്വേഷിക്കുന്നില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സൂർജേവാല ട്വീറ്റ് ചെയ്തു. റഫാൽ അഴിമതി നടന്നത് കോൺഗ്രസ് ഭരണകാലത്തായിരുന്നെന്ന് ബിജെപി വക്താവ് സാംബിത് പാത്ര മറുപടി നൽകി.
റഫാൽ കരാറിനായി ദസോ എവിയേഷൻ 65 കോടി രൂപ ഇടനിലക്കാരൻ സുഷേൻ ഗുപ്തക്ക് കൈക്കൂലി നൽകിയെന്നാണ് ഫ്രഞ്ച് മാധ്യമം മീഡിയപാർട്ട് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. വ്യാജ ബില്ലുകളും മറ്റും തയാറാക്കി മൗറീഷ്യസ് ആസ്ഥാനമായ കമ്പനി മുഖേനെയാണ് കൈക്കൂലി ഇടപാട് നടന്നതെന്നും മീഡിയ പാർട്ടിന്റെ റിപ്പോർട്ടിലുണ്ട്.
ഇടനിലക്കാരെ വെച്ചുകൊണ്ടുള്ള കരാറുകൾ എന്തുകൊണ്ട് മോദി സർക്കാർ അവസാനിപ്പിക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. പ്രതിരോധ വകുപ്പിന്റെ രഹസ്യ രേഖകൾ ഇടനിലക്കാരന്റെ കൈവശമെത്തിയത് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
യുപിഎ ഭരണകാലത്താണ് റഫാൽ ഇടപാടിൽ അഴിമതി നടന്നതെന്ന വാദവുമായി ബിജെപി രംഗത്തെത്തി. 2004 മുതൽ 2013 വരെയുള്ള കാലത്ത് 14 മില്യൺ യൂറോ ദസോ റഫാൽ കരാറിനായി സുഷേൻ ഗുപ്തക്ക് നൽകിയെന്നും കൈക്കൂലി വാങ്ങിയ യുപിഎ സർക്കാരിന് കരാർ പൂർത്തിയാക്കാൻ കഴിയാതെ പോയതാണോയെന്നും ബിജെപി വക്താവ് സംപീത് പത്ര പരിഹസിച്ചു.
2018 ഒക്ടോബർ 11ന് മൗറീഷ്യസിലെ അറ്റോർണി ജനറലിന്റെ ഓഫീസ് വഴി കൈക്കൂലി നൽകിയതിന്റെ രേഖകളാണ് സിബിഐക്കും ഇഡിക്കും ലഭിച്ചത്. വിവരം സിബിഐക്ക് ലഭിക്കുമ്പോൾ, റഫാൽ അഴിമതി അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നുവെന്നും മീഡിയ പാർട്ട് റിപ്പോർട്ട് ചെയ്തു.