മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്
മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ്. മണിപ്പൂരിൽ സമാധാനം കൈവരിക്കാൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ജനങ്ങൾ ദുരിതത്തിലാണ്. മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത് ചെയ്യണമെന്നും കോൺഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദർശനം നടത്തുകയും അവിടെ ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. നിരവധി ചർച്ചകൾ അവിടെ നടത്തുന്നുണ്ട്.
എന്നാൽ മണിപ്പൂരിൽ ഇതുവരെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കുമുന്നിൽ കോൺഗ്രസ് പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് മുന്നോട്ടുവെക്കുന്നത്. മൻകി ബാത്തിന്റെ നൂറ് എപ്പിസോഡുകൾ ഇതിനോടകം പിന്നിട്ടുകഴിഞ്ഞു. അതിനാൽ തന്നെ അടുത്ത മൻകി ബാത്തിൽ മണിപ്പൂരിനെ കുറിച്ച് സംസാരിക്കണമെന്നാണ് ഒന്നാമത്തെ ആവശ്യം. കൂടാതെ മണിപ്പൂരിലേക്ക് ഒരു സർവകക്ഷി സംഘത്തേയും അയക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
ബാലസോർ ട്രെയിൻ അപകടം നടന്നപ്പോൾ പ്രധാനമന്ത്രി അവിടെ സന്ദർശിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇതുവരെയായിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാത്തതെന്നും കോൺഗ്രസ് ചോദിക്കുന്നു. കഴിഞ്ഞദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമക്കെതിരെ എം.എൽ.എമാർ ആഭ്യന്തര മന്ത്രിക്ക് കത്തയച്ചിരുന്നു. കുക്കി സംഘടനകൾ ദേശീയപാത ഉപരോധം വീണ്ടും ആരംഭിച്ചു. മണിപ്പൂരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്ന ദിമാപുർ-ഇംഫാൽ ദേശീയ പാതയാണ് കുക്കി മേഖലകളിൽ ഉപരോധിച്ചത്. സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ ഈ മാസം നാലിന് ഉപരോധം പിൻവലിച്ചിരുന്നു.
അവശ്യസാമഗ്രികൾക്ക് കടുത്ത ക്ഷാമം നേരിടുന്ന സംസ്ഥാനത്ത് ദേശീയപാത ഉപരോധം വീണ്ടും പ്രതിസന്ധി സൃഷ്ടിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തെത്തുടർന്ന് മണിപ്പൂർ ശാന്തമാകുന്നതിനിടയിലാണ് വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ഇന്നലെ ഇംഫാലിലെത്തി മുഖ്യമന്ത്രി ബിരേൻ സിങ്ങുമായി ചർച്ച നടത്തിയിരുന്നു.