റഫാൽ കരാര്‍ രാഷ്ട്രീയ ആയുധമാക്കി വീണ്ടും കോണ്‍ഗ്രസ്

കരാറിനെക്കുറിച്ച് ജെപിസി അന്വേഷണത്തിന് പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു

Update: 2021-07-04 14:39 GMT
Editor : Shaheer | By : Web Desk
Advertising

റഫാൽ കരാറിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. കരാറിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി(ജെപിസി) അന്വേഷണത്തിന് പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച കരാറിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ ഫ്രാൻസ് ജഡ്ജിയെ നിയമിച്ചിരുന്നു. ഈ വാർത്തകൾക്കു പിറകെയാണ് ഇടവേളയ്ക്കു ശേഷം റഫാല്‍ വീണ്ടും ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഈ അവസരം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ആക്രമണം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിൽ, കേന്ദ്ര സർക്കാർ കരാറിനെക്കുറിച്ച് ജെപിസി അന്വേഷണത്തിന് തയാറാകാത്തത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കുറ്റബോധം, സുഹൃത്തുക്കളെ സംരക്ഷിക്കാൻ, ജെപിസിക്ക് രാജ്യസഭാ സീറ്റ് ആവശ്യമല്ലാത്തതിനാൽ, എല്ലാ ഉത്തരവും ശരി എന്നിങ്ങനെ നാല് ഓപ്ഷനുകളും നൽകിയിട്ടുണ്ട് കോൺഗ്രസ് നേതാവ്. സത്യം ഒരിക്കലും മൂടിവയ്ക്കാൻ കഴിയില്ലെന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യ, ഫ്രാൻസ് സർക്കാരുകൾക്കിടയിലുള്ള ഒരു കരാറാണ് റഫാൽ. ഇടപാടിൽ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് ഫ്രാൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിക്കുക പോലും ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. ''അഴിമതി, നിയമവിരുദ്ധമായ രീതിയില്‍ സ്വാധീനംചെലുത്തല്‍, സാമ്പത്തിക തട്ടിപ്പ്, പക്ഷപാതം തുടങ്ങി കരാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ട് 24 മണിക്കൂറായി. എന്നാല്‍, രാജ്യം മുഴുവൻ, ലോകമൊന്നടങ്കം ഡൽഹിയിലേക്ക് ഉറ്റുനോക്കുകയാണ്. എന്തുകൊണ്ടാണ് കേന്ദ്രം ഇപ്പോഴും മൗനം തുടരുന്നത്?'' പവന്‍  ഖേര ചോദിച്ചു.

എന്നാല്‍, കരാറിനെതിരെ നേരത്തെ നൽകിയ ഹരജികൾ സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിരോധം. സുപ്രീംകോടതി ശരിവച്ച കരാറിനെക്കുറിച്ച് കോൺഗ്രസ് വീണ്ടും നുണ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി വിമർശിച്ചു.

2016ലാണ് ഇന്ത്യ ഫ്രാൻസുമായി കരാറിൽ ഒപ്പുവച്ചത്. 56,000 കോടി രൂപയ്ക്ക് ഫ്രാൻസിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയ ഇടപാടില്‍ നേരത്തെ തന്നെ അഴിമതി ആരോപണം ഉയർന്നിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സെ ഹൊലാന്ദെയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലാണ് ഇപ്പോള്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റഫാൽ കരാർ ഉന്നയിച്ച് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിരുന്നു. രാഹുല്‍ പ്രയോഗിച്ച ചൗകിദാർ ചോർ ഹെ(കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യം ഏറെ ചർച്ചയായി. എന്നാൽ, ഈ വിവാദം വേണ്ടത്ര ചര്‍ച്ചയാക്കുന്നതിലും ജനങ്ങള്‍ക്കിടയിലെത്തിക്കുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News