ഫ്ലൈറ്റും ഹെലികോപ്റ്ററും റെഡി; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടിലേക്ക്

വിജയിച്ച സ്ഥാനാർത്ഥികളെ ബെംഗളൂരുവിലെ ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റാന്‍ വിമാനവും ഹെലികോപ്റ്ററുകളുമുള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

Update: 2023-05-13 08:09 GMT
Advertising

ബി.ജെ.പിയെ തറപറ്റിച്ച് കർണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം. കേവലഭൂരിപക്ഷവും മറികടന്ന് 130ലധികം സീറ്റുമായി കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചപ്പോള്‍ ബി.ജെ.പി ലീഡ് 65ലേക്ക് കൂപ്പുകുത്തി. ഈ തെരഞ്ഞെടുപ്പിലും നിര്‍ണായക ശക്തിയാകുമെന്ന് കരുതിയ ജെ.ഡി.എസിനും കരുത്ത് തെളിയിക്കാനായില്ല.

എക്സിറ്റ് പോളിനെ ശരിവെച്ച് മികച്ച പ്രകടനത്തോടെ കര്‍ണാടകയില്‍ തിരിച്ചവന്ന കോണ്‍ഗ്രസ് അതേസമയം രാഷ്ട്രീയകുതിരക്കച്ചവടം തടയാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. എല്ലാ കോണ്‍ഗ്രസ് എം.എൽ.എമാരോടും ബെംഗളൂരുവിലേക്കെത്താന്‍ പാര്‍ട്ടി നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി വിമാനമുൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാറാണ് രാഷ്ട്രീയ അട്ടിമറികളുടെ സാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത്.

കോൺഗ്രസ് അവരുടെ വിജയിച്ച എല്ലാ സ്ഥാനാർത്ഥികളെയും ബെംഗളൂരുവിലേക്ക് വിളിപ്പിച്ചതായി ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുതിർന്ന നേതാക്കളെയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർത്ഥികളെ ബെംഗളൂരുവിലേക്ക് മാറ്റാന്‍ വിമാനവും ഹെലികോപ്റ്ററുകളുമുള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ പ്രശസ്തമായ ഈഗിൾടൺ റിസോർട്ടാണ് എം.എല്‍.എമാര്‍ക്കായി കോണ്‍ഗ്രസ് ബുക്ക് ചെയ്തിരിക്കുന്നത്. ബി.ജെ.പി ഒരു അട്ടിമറി സാധ്യത മുന്നോട്ടുവെക്കുന്നതിന് മുമ്പ് തന്നെ സുരക്ഷിതമായ റിസോർട്ട് രാഷ്ട്രീയം പയറ്റിയ കോൺഗ്രസിന്‍റെ മികവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

റിസോർട്ട് രാഷ്ട്രീയത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുമ്പോഴെല്ലാം ഉയർന്നു കേൾക്കുന്ന പേരാണ് ബിഡദിയിലെ ഈഗിൾടൺ റിസോർട്ട്. ബി.ജെ.പിയുടെ അട്ടിമറി നീക്കമുണ്ടാകുന്ന സമയങ്ങളില്‍ ഇതിനുമുമ്പും ഈഗിൾടൺ റിസോർ‌ട്ടിലേക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയിരുന്നു.

2019ലെ രാഷ്രീയ അട്ടിമറി

2018 ലെ കര്‍ണാടക നിയസമഭാ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. കോൺഗ്രസ് 80 സീറ്റുകളും ജെ.ഡി.എസ് 37 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. ഒരു സ്വതന്ത്ര അംഗവും ബി.എസ്.പിയും കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയും ഓരോ സീറ്റുകളുമായി സഭയിലെത്തി.

അവിടെ ഒരു പാർട്ടിക്കും കേവലഭൂരിപക്ഷം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോൺഗ്രസും ജെ.ഡി.എസും സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സർക്കാർ രൂപീകരിച്ചു. എന്നാല്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി കേവല ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ യെദിയൂരപ്പ സര്‍ക്കാരിനെ ഗവര്‍ണര്‍ പിരിച്ച് വിട്ടു. പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായ സർക്കാർ അധികാരത്തില്‍ എത്തി.

പക്ഷേ ഒന്നര വര്‍ഷം മാത്രമായിരുന്നു കുമാരസ്വാമിക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. ഭരണ കക്ഷി എം.എല്‍.എ മാരെ വിലയ്ക്കുവാങ്ങിയ ബി.ജെ.പിയുടെ രാഷ്ട്രീയ അട്ടിമറയില്‍ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം വീണു. പിന്നീട് ഒന്നര വർഷം കഴിഞ്ഞതോടെ ഭരണകക്ഷി അംഗങ്ങളെ കൂറുമാറ്റി കുമാരസ്വാമി സർക്കാറിനെ വീഴ്ത്തി ബി.ജെ.പി അധികാരം പിടിക്കുകയും ചെയ്തു.13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജനതാദള്‍ എം.എല്‍.എ മാരും, ഒരു കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടി എം.എല്‍.എയുമാണ് അന്ന് രാജിവെച്ച് യെദിയൂരപ്പ സര്‍ക്കാരിനെ നിലത്തിറക്കിയത്.

എം.എല്‍.എമാരുടെ കൂറുമാറ്റത്തിന് ശേഷം നടന്ന ബൈ ഇലക്ഷനിലൂടെ 120 സീറ്റ് നേടി ബി.ജെ.പി കേവലഭൂരിപക്ഷം ഒറ്റക്ക് നേടി അധികാരത്തിലെത്തുകയായിരുന്നു. അങ്ങനെ ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കുമാരസ്വാമി ഗവര്‍ണ്‍മെന്‍റിനെ വീഴ്ത്തി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണാകടയില്‍ ബി.ജെ.പി അധികാരത്തിലേറി.

അങ്ങനെയൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള കര്‍ണാടകയില്‍ കേവലഭൂരിപക്ഷം ഒറ്റക്ക് നേടിയാല്‍ പോലും കോണ്‍ഗ്രസിനെ സംബന്ധിച്ച് സര്‍ക്കാര്‍ രൂപീകരിക്കുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് എം.എല്‍.എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News