ലക്ഷദ്വീപിൽ പ്രധാനമന്ത്രിയെ ബഹിഷ്കരിച്ച് കോൺഗ്രസ്
മോദിയുടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ ഭരണകൂടം സൗജന്യവാഹനം ഏർപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ്
കവരത്തി: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണനയിലും ജനജീവിതം ദുസ്സഹമാക്കിയതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ചടങ്ങുകൾ ബഹിഷ്കരിച്ച് കോൺഗ്രസ്. ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചടങ്ങിലും കോൺഗ്രസ്സോ പോഷക സംഘടനാ പ്രതിനിധികളോ സഹകരിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
എൻ.ഡി.എ ഭരണകൂടം 2014 ൽ അധികാരത്തിലെത്തിയ ശേഷം ലക്ഷദ്വീപിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ആരോഗ്യ, വിദ്യാഭ്യാസ,ഗതാഗത മേഖലകളിൽ കേന്ദ്രം പ്രത്യേക അജണ്ടയോടെ കൈകടത്തലുകൾ നടത്തി. ദ്വീപ് ജനതയുടെ പല അവകാശങ്ങളും ഏപക്ഷീയമായി റദ്ദാക്കി.സംഘ്പരിവാർ അനുഭാവമുള്ള ഭരണാധികാരികളെ നിയമിച്ച് കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ അജണ്ടകൾ ദ്വീപിൽ നടപ്പാക്കി.
ദ്വീപ് നിവാസികളുടെ ഭൂമി മുന്നറിയിപ്പില്ലാതെ സർക്കാർ പിടിച്ചെടുക്കുകയാണ്. ആൾവാസമില്ലാത്ത സുഹൈലി,വലിയകര, ചെറിയകര ദ്വീപുകളിലെ ഭൂമികളാണ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി പിടിച്ചെടുത്തതെന്ന് യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് പ്രസിഡണ്ട് എം.അലി അക്ബർ മീഡിയ വൺ ഓൺലൈനിനോട് പറഞ്ഞു..
വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന ദ്വീപുകാരായ 3500ലധികം തൊഴിലാളികളെ പിരിച്ചുവിട്ടു. ടൂറിസം മേഖലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്. ഇതിന് പുറമെ സ്ഥിര നിയമനങ്ങളുള്ള പോസ്റ്റുകളിൽ പുതിയ നിയമനങ്ങൾ നടത്താതെ തസ്തികകൾ റദ്ദാക്കുകയാണ്. തദ്ദേശസ്വയം ഭരണസമിതികളുടെ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. ജനാധിപത്യ സംവിധാനങ്ങളെ പൂർണാമായും റദ്ദാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്
ഗതാഗത മേഖലയിലും അനാവശ്യനിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനജീവിതം കൂടുതൽ ദു:സഹമാക്കി.എട്ട് കപ്പലുകൾ സർവീസ് നടത്തിയിരുന്ന ദ്വീപിൽ നിലവിൽ മൂന്ന് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അഞ്ച് കപ്പലുകൾ വെറുതെയിട്ടിരിക്കുകയാണ്. അടുത്ത അധ്യയന വർഷം മുതൽ മലയാളമടക്കമുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി സി.ബി.എസ്.ഇ സിലബസ് മാത്രമായി പാഠ്യപദ്ധതി ചുരുക്കിയെന്നും നേതാക്കൾ പറയുന്നു.സ്കൂളുകളടക്കം അടച്ചുപൂട്ടി. കോഴിക്കോട് ഗസ്റ്റ് ഹൗസ് രണ്ടുവർഷമായി അടച്ചിട്ടിരിക്കുകയാണ്.േബപ്പൂർ തുറമുഖവുമായുള്ള ബന്ധങ്ങൾ പൂർണമായും വിച്ചേദിച്ചു.ഇത്തരത്തിൽ ദ്വീപ് ജനതയെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.
ദ്വീപ് ജനതയുടെ വികാരം മനസിലാക്കാതെ ഏകപക്ഷീയമായാണ് മുഴുവൻ തീരമാനങ്ങളും അടിച്ചേൽപ്പിച്ചത്.ഇതിനെതിരെ നിരവധി തവണ ദ്വീപ് ജനതയും കോൺ്രഗ്രസും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അടിച്ചമർത്തുന്ന നിലപാടാണ് ഭരണകൂടം സ്വീകരിച്ചത്. അഡ്മിനിസ്ട്രേട്ടർ പ്രഭുൽ പട്ടേലിനെതിരെ ദ്വീപിലെ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും കേന്ദ്ര സർക്കാറിനെ സമീപിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രധാന മന്ത്രിയുടെസന്ദർശനം ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ബഹിഷ്കരണ ആഹ്വാനവുമായി ജനങ്ങൾ രംഗത്തെത്തിയതോടെ പരിപാടികളിലേക്ക് ആളുകളെ എത്തിക്കാൻ സൗജന്യവാഹന സംവിധാനവുമായി ഭരണകൂടം രംഗത്തെത്തിയതായി അക്ബർ അലി പറഞ്ഞു. മുൻ ജനപ്രതിനിധികളെയും നേതാക്കളെയും അഡ്ണമിനിസ്ട്രേറ്റരായ പ്രഭുൽ പട്ടേൽ അനുനയ ചർച്ചക്ക് വേണ്ടി വിളിച്ചുവെന്നും എന്നാൽ അതും പാർട്ടി നേതൃത്വം ബഹിഷ്കരിച്ചെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ബഹിഷ്കരിച്ച് കരിദിനം ആചരിക്കുമെന്നും എൻ.എസ്.യു.ഐ സംസ്ഥാന അധ്യക്ഷൻ അജാസ് അക്ബർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.