രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ച ഇന്ന്
തർക്ക പരിഹാരത്തിന് പുറമെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും
ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുക്കും. തർക്ക പരിഹാരത്തിന് പുറമെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.
അശോക് ഗെഹ്ലോട്ട് സച്ചിൻ പൈലറ്റ്, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സുഖ്‍വിന്ദർ സിങ് രൺധാവ എന്നിവരുടെ യോഗം ജൂലായ് ഒന്നിന് ഡൽഹിയിൽ വച്ചു നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അശോക് ഗെഹ്‌ലോട്ട് യോഗത്തിൽ നിന്നു വിട്ടു നിന്നു. മുഖ്യമന്ത്രി പദവി ആവശ്യപ്പെടുന്ന സച്ചിന് മറ്റേതെങ്കിലും സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. എന്നാൽ സച്ചിനെ വീണ്ടും ഉപമുഖ്യമന്ത്രിയാക്കാനോ പി.സി.സി. അധ്യക്ഷനാക്കാനോ പറ്റില്ലെന്നാണ് ഗെഹ്‌ലോട്ടിന്‍റെ വാദം. അധികാരത്തുടർച്ചയ്ക്ക് കടുംപിടിത്തം ഒഴിവാക്കണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ടുവെക്കുന്നത്. പൈലറ്റിനെപ്പോലെയുള്ള യുവനേതാവിനെ അകറ്റുന്നത് ദീർഘകാലത്തേക്ക് പാർട്ടിക്ക് ദോഷം ചെയ്യുമെന്നതും കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.