'രാജ്യത്തിന് പുറത്ത് സിംഹമാണെന്ന് വീരവാദം, യഥാർത്ഥത്തിൽ എലിയെ പോലെയും'; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് ഖാർഗെ

ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിനാണെന്നും ഖാർഗെ

Update: 2022-12-19 16:44 GMT
Editor : afsal137 | By : Web Desk
Advertising

അൽവാർ: അതിർത്തിയിലെ ചൈനീസ് അധിനിവേശത്തിൽ ബി.ജെ.പി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചൈനയെ നേരിടാൻ കഴിയാത്ത ബി.ജെ.പി സർക്കാർ രാജ്യത്തിന് പുറത്ത് സിംഹത്തെ പോലെയാണ് സംസാരിക്കുന്നതെന്നും, എന്നാൽ യഥാർത്ഥത്തിൽ അവർ എലിയെ പോലെ പെരുമാറുകയാണെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാജസ്ഥാനിലെ അൽവാറിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ബി.ജെ.പിക്കെതിരെ അദ്ദേഹത്തിന്റെ പരിഹാസം.

തങ്ങൾ വളരെയധികം ശക്തരാണെന്ന് മോദി സർക്കാർ അവകാശപ്പെടുകയാണ്. ത്യാഗങ്ങൾ സഹിച്ച് കോൺഗ്രസ് നേതാക്കൾ സ്വാതന്ത്ര്യം നേടി തന്നു. ബി.ജെ.പിയുടെ ഒരു നായയെങ്കിലും രാജ്യത്തിന് വേണ്ടി ചത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണെന്നും ജനാധിപത്യത്തെ കൊല്ലുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. ''അതിർത്തിയിൽ തർക്കങ്ങളും സംഘർഷങ്ങളും ഉയരുകയാണ്. ഗാൽവാനിലെ അതിർത്തിയിൽ നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചതിന് ശേഷം മോദി ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. 18 തവണ, അവർ മീറ്റിംഗുകൾ നടത്തി. ചൈനീസ് അതിർത്തിയിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്''. മല്ലികാർജുൻ ഖാർഗെ ചോദിച്ചു.

ചൈനീസ് അധിനിവേശം വീണ്ടും പാർലമെന്റിൽ ഉന്നയിച്ചു. അതിർത്തിയിലെ സ്ഥിതി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബിജെപി സർക്കാർ അതിന് തയ്യാറായില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ബി.ജെ.പി രാജ്യസ്‌നേഹികളാണെന്ന് അവകാശപ്പെടുന്നു, ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ ദേശദ്രോഹികളായി മുദ്രകുത്തുന്നു' ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു.

രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതിർത്തിയിലെ ചൈനീസ് നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തത് ആശ്ചര്യകരമാണെന്നും ചർച്ചയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവന നൽകി പോവുകയായിരുന്നുവെന്നും ഖാർഗെ പറഞ്ഞു. നമ്മുടെ അതിർത്തിയുടെയും സൈനികരുടെയും അവസ്ഥയെ കുറിച്ച് ചർച്ച ചെയ്യേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ്. ഞങ്ങൾ രാജ്യത്തിനും രാജ്യസുരക്ഷയ്ക്കും ഒപ്പമാണ്. ഞങ്ങൾ എല്ലാവരും ചേർന്ന് രാജ്യത്തെ സംരക്ഷിക്കും, എന്നാൽ ചൈനീസ് നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ചർച്ചയിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിനാണെന്നും ഖാർഗെ ചോദിച്ചു.

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര സർക്കാർ കോൺഗ്രസിനെ ഭീഷണിപ്പെടുത്തുകയാണെന്നും ഖാർഗെ ആരോപിച്ചു. ചൈനയുമായുള്ള അതിർത്തി തർക്കത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചപ്പോൾ, രാഹുൽ രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും നമ്മുടെ സൈനികരോട് അദ്ദേഹത്തിന് ബഹുമാനമില്ലെന്നും പറഞ്ഞ് ബി.ജെ.പി രംഗത്തെത്തുകയായിരുന്നുവെന്നും ഖാർഗെ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News