ഉജ്ജ്വല തിരിച്ചു വരവ് പ്രവചിച്ച് ഏക്സിറ്റ് പോളുകൾ; ആവേശത്തിൽ കോൺഗ്രസ് ക്യാമ്പ്
ജമ്മു കശ്മീരിൽ തൂക്ക് മന്ത്രി സഭയിലേക്കാണ് എക്സിറ്റ് പോൾ വിരൽ ചൂണ്ടുന്നത്
ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ പുറത്ത് വന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് ക്യാമ്പ്. ഹരിയാനയിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. അതേസമയം, ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെന്ന് പ്രവചനം ഉണ്ടെങ്കിലും തൂക്ക് മന്ത്രി സഭയിലേക്കാണ് എക്സിറ്റ് പോൾ വിരൽ ചൂണ്ടുന്നത്.
ഹരിയാനയിൽ പത്ത് വർഷത്തെ ബിജെപി ഭരണത്തിനു അറുതി പ്രവചിച്ചാണ് ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലം പുറത്തു വന്നത്. 8 എക്‌സിറ്റ് പോൾ പ്രവചനം കോൺഗ്രസിന് അനുകൂലമാണ്. കോൺഗ്രസിന് മാട്രിക്സ് 62 വരെയും പീപ്പിൾസ് പൾസ് 61 വരെയും ദൈനിക് ഭാസ്കർ 64 വരെയും പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവി പോലും 62 സീറ്റാണ് കോൺഗ്രസിന് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഒറ്റയ്ക്കു 40 സീറ്റുള്ള ബിജെപിക്ക് 20 സീറ്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഒമ്പത് വർഷം കഴിഞ്ഞപോൾ മുഖ്യമന്ത്രിയെ മാറ്റിയത് കൊണ്ട് ബിജെപിക്ക് രക്ഷപെടാനാവില്ലെന്നു വ്യക്തം. ഗുസ്തി താരം വിനേഷ് ഫോഗാട്ട് സ്ഥാനാർഥി ആയതോടെ വനിതകളുടെയും ചെറുപ്പക്കാരുടെയും വോട്ട് കോൺഗ്രസിന് അനുകൂലമായി എന്നും പ്രതീക്ഷിക്കുന്നു ജാട്ട് -പിന്നോക്ക -ദളിത് വോട്ടുകൾ കോൺഗ്രസിന് അനുകൂലമാകുന്നത് ഭിന്നിപ്പിക്കാൻ ബിജെപി ഏറെ ശ്രമിച്ചിരുന്നു. ജെജെപി, ഐഎൻഎൽഡി സാന്നിധ്യം പോലും ഏശിയില്ല എന്നാണ് എക്സിറ്റ് പോൾ തെളിയിക്കുന്നത്.
നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സഖ്യത്തിന് വിചാരിച്ചത്ര മുന്നേറ്റം ജമ്മു കാശ്‌മീരിൽ നടത്താൻ കഴിയില്ലെന്ന് എക്സിറ്റ് പോൾ ഫലം വിളിച്ചു പറയുന്നു. എൻജിനിയർ റാഷിദിന്റേത് ഉൾപ്പെടെയുള്ള ചെറിയ പാർട്ടികൾക്ക് സ്വയം വിജയിക്കാൻ കഴിയില്ലെങ്കിലും എൻസി -കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് മറിക്കാൻ പറ്റും. ജമ്മുമേഖലയിൽ ബിജെപിക്ക് തന്നെയാണ് മുൻ തൂക്കം. എന്സി -കോൺഗ്രസ് -പിഡിപി പിന്തുണയോടെ ഒമർ അബ്ദുല്ലയ്ക് മുഖ്യമന്ത്രി പദവിയിലേക്ക് വഴി തുറന്നു കിട്ടുമെന്ന് ആണ് ഫല സൂചന. 5 ഏജൻസികളാണ് എൻ സി -കോൺഗ്രസ് സഖ്യത്തിന് സാധ്യത കൽപ്പിക്കുന്നത്.