'കോൺഗ്രസിനെ രക്ഷിക്കാൻ പ്രശാന്ത് കിഷോർ'- എതിർത്തും അനുകൂലിച്ചും ആന്റണിയും കെ.സിയും; വേണ്ടെന്നുറച്ച് ജയറാം രമേശും ദ്വിഗ്‌വിജയ് സിങ്ങും
പാർട്ടിയുടെ നിലവിലെ ദയനീയ സ്ഥിതിയിൽനിന്ന് ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടാകണമെന്ന കാര്യത്തിൽ നേതൃത്വത്തിൽ എല്ലാവർക്കും ഏക അഭിപ്രായമാണ്. എന്നാൽ, പ്രശാന്ത് കിഷോറിനെ രക്ഷകനായി അവതരിപ്പിച്ചു വേണോ അതെന്ന കാര്യത്തിലാണ് നേതാക്കൾ ചേരിതിരിഞ്ഞത്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ എത്തിച്ച് പാർട്ടി നവീകരണദൗത്യം ഏൽപ്പിക്കാനുള്ള നീക്കം ചർച്ചയാകുന്നതിനിടെ ഇന്ന് നടന്ന കോൺഗ്രസ് ഉന്നതതല യോഗത്തിൽ വിഷയം സജീവമായി ചർച്ചയായതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ മുതിർന്ന നേതാക്കൾ ഇരുചേരിയായി തിരിഞ്ഞ് കടുത്ത വാഗ്വാദങ്ങളാണ് യോഗത്തിൽ നടന്നതെന്നാണ് വിവരം. പ്രിയങ്ക ഗാന്ധിക്കു പുറമെ എ.കെ ആന്റണി അടക്കമുള്ള നേതാക്കൾ പ്രശാന്ത് കിഷോറിന് അനുകൂലമായ സമീപനം സ്വീകരിച്ചപ്പോൾ ദ്വിഗ്‌വിജയ് സിങ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായും കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടിയുടെ നിലവിലെ ദയനീയ സ്ഥിതിയിൽനിന്ന് ഒരു ഉയിർത്തെഴുന്നേൽപ്പുണ്ടാകണമെന്ന കാര്യത്തിൽ നേതൃത്വത്തിൽ എല്ലാവർക്കും ഏക അഭിപ്രായമാണ്. എന്നാൽ, പ്രശാന്ത് കിഷോറിനെ രക്ഷകനായി അവതരിപ്പിച്ചു വേണോ അതെന്ന കാര്യത്തിലാണ് നേതാക്കൾ ചേരിതിരിഞ്ഞത്.
പ്രശാന്തിനു വേണ്ടി പ്രിയങ്ക; എതിർപ്പറിയിച്ച് ദ്വിഗ്‌വിജയ് സിങ്
സ്വാഭാവികമായും പ്രിയങ്ക ഗാന്ധിയാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയിലെത്തിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന ഒരു പ്രമുഖ നേതാവ്. നേരത്തെ പലതവണ കിഷോറുമായി പ്രിയങ്കയും സഹോദരൻ രാഹുൽ ഗാന്ധിയും ചർച്ച നടത്തിയതാണ്. നേതൃയോഗത്തിലും പ്രിയങ്ക നിലപാടിൽ ഉറച്ചുനിന്നു.
പ്രിയങ്കയ്ക്ക് പിന്തുണയുമായി പഞ്ചാബിൽനിന്നുള്ള മുതിർന്ന നേതാവ് അംബികാ സോണിയും രംഗത്തെത്തി. മൻമോഹൻ സിങ് സർക്കാരിൽ വാർത്താ വിനിമയ മന്ത്രിയായിരുന്ന അംബികാ സോണി നിലവിൽ പഞ്ചാബിൽനിന്നുള്ള രാജ്യസഭാ അംഗവുമാണ്. അംബികയ്‌ക്കൊപ്പം മുതിർന്ന നേതാവ് എ.കെ ആന്റണിയും കെ.സി വേണുഗോപാലും നീക്കത്തെ പിന്തുണച്ചതായി സൂചനയുണ്ട്. എന്നാൽ, ഇരുവരും അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചതായാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരുടെയും വ്യക്തിപരമായ അഭിപ്രായവും വ്യക്തമല്ല.
എന്നാൽ, പ്രിയങ്കയ്ക്ക് എതിരായി മുതിർന്ന നേതാക്കളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുൻ എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ദ്വിഗ്‌വിജയ് സിങ്ങായിരുന്നു എതിർചേരിയിൽ മുന്നിലുണ്ടായിരുന്നത്. മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശും മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കും പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയും പ്രശാന്തിനെ കൊണ്ടുവന്ന് പാർട്ടി നവീകരണദൗത്യം ഏൽപിക്കുന്നതിനെ എതിർക്കാൻ കാരണങ്ങൾ നിരത്തി.
പാർട്ടിയിൽ പ്രശാന്ത് കിഷോറിന് സ്വതന്ത്ര ചുമതല നൽകുന്നതിനായിരുന്നു നേതാക്കളുടെ പ്രധാന എതിർപ്പ്. പാർട്ടിയെ ഉടച്ചുവാർക്കാൻ അദ്ദേഹത്തിന് മുഴുൻ സ്വാതന്ത്ര്യവും നൽകുന്നത് തിരിച്ചടിയാകുമെന്നും നേതാക്കൾ വാദിച്ചു. അതേസമയം, പാർട്ടിയുടെ നവീകരണത്തിനും 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനും പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾ സ്വീകരിക്കരുതെന്ന നിലപാട് സ്വീകരിച്ചവരും നേതാക്കളിലുണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ്, വൈ.എസ്.ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ തയാറാക്കിയയാളാണ് അദ്ദേഹം. തെലങ്കാനയിൽ 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രീയ സമിതി(ടി.ആർ.എസ്)യെ സഹായിക്കാൻ കിഷോറിന്റെ ഐ-പാക്ക് ധാരണയിലെത്തിയിട്ടുമുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് നേതാക്കൾ എതിർപ്പറിയിച്ചത്.
കിഷോർ പ്ലാനിന് പച്ചക്കൊടി; 'മിഷൻ 2024'ന് തുടക്കം
അതേസമയം, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് ഇന്നു ചേർന്ന് കോൺഗ്രസ് ഉന്നത നേതൃത്വം പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യാനായി എംപവർ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ ശിപാർശകൾ പഠിച്ച എട്ടംഗ സമിതിയുടെ നിർദേശപ്രകാരമാണ് നീക്കം.
ഇന്ന് സോണിയാ ഗാന്ധിയുടെ വസതിയിൽ ചേർന്ന എ.ഐ.സി.സി ഉന്നത നേതൃയോഗത്തിലാണ് എട്ടംഗ സമിതിയുടെ നിർദേശങ്ങൾ വിശദമായി പരിശോധിച്ചത്. തുടർന്ന് 2024ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വെല്ലുവിളികൾ നേരിടാനായി എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് 2024ലേക്കുള്ള ദൗത്യസംഘത്തെ നിയമിച്ചത്. ഇതിന്റെ ഭാഗമായി അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ ത്രിദിന കോംക്ലേവ് നടത്തും.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് നവസങ്കൽപ്പ് എന്ന പേരിൽ ഉദയ്പൂരിൽ ചിന്തൻ ശിബിരം സംഘടിപ്പിക്കുമെന്നാണ് സോണിയ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സുർജേവാല അറിയിച്ചു. മെയ് 13, 14, 15 തിയതികളിലായിരിക്കും പരിപാടി നടക്കുക. ഇതിൽ എല്ലാ സംസ്ഥാനങ്ങളിൽനിന്നുമായി 400ഓളം കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും.
നിലവിലെ രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളുമായിരിക്കും ചിന്താ ശിബിരത്തിലെ മുഖ്യ ചർച്ചയെന്ന് സുർജേവാല പറഞ്ഞു. കർഷകക്ഷേമം, പട്ടിക ജാതി-പട്ടിക വർഗ, ഒ.ബി.സി, മത, ഭാഷാ ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയുമെല്ലാം സാമൂഹിക നീതിയും ശാക്തീകരണവും, യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളുമെല്ലാം ചർച്ചയാകും ഇതോടൊപ്പം സംഘടനാ ശാക്തീകരണ, പുനസ്സംഘടനാ വിഷയങ്ങളും 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പദ്ധതികളും ആലോചനയിൽ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Summary: Congress committee is divided on Prashant Kishor's entry