കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്: അധിറിനെ മാറ്റിയേക്കും, തരൂര്‍ പരിഗണനയില്‍

തൃണമൂൽ കോൺഗ്രസുമായി സഹകരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്

Update: 2021-07-14 05:27 GMT
Advertising

കോൺഗ്രസിന്‍റെ നിര്‍ണായക പാർലമെന്‍ററി പാർട്ടി യോഗം ഇന്ന്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് യോഗം. ലോക്സഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കും. രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മനീഷ് തിവാരി, ശശി തരൂർ, ഗൗരവ് ഗോഗോയ്, രവനീത് ബിട്ടു എന്നിവരാണ് പരിഗണനയിലുള്ളത്. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ വൈകിട്ട് 5 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ഇരു സഭകളിലെയും മുതിർന്ന എംപിമാർ പങ്കെടുക്കും.

ലോക്സഭയിലെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കടുത്ത വിമര്‍ശകനാണ് അധിര്‍ രഞ്ജന്‍ ചൗധരി. അതുകൊണ്ടുതന്നെ ലോക്സഭയില്‍ തൃണമൂൽ അംഗങ്ങൾ കോണ്‍ഗ്രസിനോട് അകലം പാലിക്കുകയാണ്. പാർലമെന്‍റിന് അകത്തും പുറത്തും തൃണമൂൽ കോൺഗ്രസുമായി സഹകരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബംഗാളിൽ ഇടതു പാര്‍ട്ടികളുമായി ചേർന്ന് തൃണമൂലിനെതിരെ മത്സരിച്ചെങ്കിലും മമത ബാനർജിയെ വിമർശിക്കുന്നതിൽ നിന്ന് കേന്ദ്രനേതൃത്വം വിട്ടുനിന്നിരുന്നു. മമതയുടെ വിജയത്തെ ഹൈക്കമാൻഡ് സ്വാഗതം ചെയ്യുകയുമുണ്ടായി.

ബഹറാംപൂരിൽ നിന്നുള്ള എംപിയായ അധിർ ചൗധരി പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 സംഘത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവു കൂടിയാണ് അദ്ദേഹം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനുമാണ്. ചൗധരിക്ക് പകരമായി പരിഗണനയിലുള്ളത് തിരുവനന്തപുരം എംപി ശശി തരൂർ, അനന്ദ്പൂർ സാഹിബ് എംപി മനീഷ് തിവാരി എന്നിവരാണ്. പാർട്ടി പുന:സംഘടന ആവശ്യപ്പെട്ട് കത്തെഴുതിയ ജി-23 സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. മനീഷ് തിവാരിയെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളന ജൂലൈ 19ന് ആരംഭിക്കും. ആഗസ്ത് 13 വരെയാണ് സമ്മേളനം.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News