തെരഞ്ഞെടുപ്പ് തോൽവി: കോൺഗ്രസിലെ ജി 23 നേതാക്കൾ യോഗം ചേരുന്നു
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി യോഗത്തിൽ അവർ വിഷയം ഉന്നയിച്ചിരുന്നില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ വിമതനേതാക്കൾ വീണ്ടും യോഗം ചേരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിങ്, പൃഥ്വിരാജ് ചവാൻ, പി.ജെ കുര്യൻ, മണിശങ്കർ അയ്യർ, ശശി തരൂർ തുടങ്ങിയവരാണ് ഗുലാം നബി ആസാദിന്റെ വസതിയിൽ യോഗം ചേരുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി യോഗത്തിൽ അവർ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്‌ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് ജി 23 നേതാക്കൾ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പ്രവർത്തകസമിതിയിൽ സോണിയാ ഗാന്ധി തുടരാൻ തീരുമാനിച്ചതിന് പിന്നാലെ കപിൽ സിബൽ 'ഇന്ത്യൻ എക്‌സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
പാർട്ടിക്കകത്ത് ഇനി സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനായാണ് നേതാക്കൾ യോഗം ചേരുന്നതെന്നാണ് വിവരം. പാർട്ടിക്കകത്ത് പോരാട്ടം ശക്തമാക്കാനുള്ള നിലപാടിൽ നിന്ന് വിമത നേതാക്കൾ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നതെ യോഗം.