അടിക്ക് തിരിച്ചടി; മോദിയുടെ പ്രസംഗത്തിനെതിരെ പരാതി നൽകി കോൺഗ്രസ്

'പ്രധാനമന്ത്രിയും മന്ത്രിമാരും പാര്‍ലമെന്‍റില്‍ അവാസ്തവ പ്രസ്താവനകള്‍ നടത്തി'

Update: 2024-07-04 12:41 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ രംഗത്തുവന്ന ബിജെപിയെ അതേ നാണയത്തിൽ പ്രതിരോധിക്കാൻ കോൺഗ്രസ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും സഭയിൽ നടത്തിയ തെറ്റായ പ്രസ്താവനകൾ ചോദ്യം ചെയ്താണ് കോൺഗ്രസ് നീക്കം. ഇതിനായി സ്പീക്കർ ഓം ബിർലയ്ക്ക് മുമ്പാകെ പാർട്ടി നോട്ടീസ് നൽകി. 

ഭരണപക്ഷത്തെയും പ്രധാനമന്ത്രിയെയും പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നിന്ന് പല ഭാഗങ്ങളും നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് പരാതി നൽകിയിരുന്നു. വിവരങ്ങളിലെ അവ്യക്തതയും കൃത്യതയില്ലായ്മയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. സഭയെ തെറ്റിദ്ധരിപ്പിക്കാനുള്ള ആരുടെ ശ്രമവും അനുവദിക്കില്ലെന്ന്,  ബിജെപി എംപി ബാൻസുരി ഭരദ്വാജിന്റെ പരാതിയിൽ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി നരേന്ദ്രമോദിക്കും മന്ത്രി അനുരാഗ് ഠാക്കൂറിനുമെതിരെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ പരാതി നൽകി. തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യതയില്ലാത്തതോ ആയ കാര്യങ്ങൾ സഭയിൽ പറഞ്ഞാൽ ഇക്കാര്യം സ്പീക്കറെ അറിയിച്ച് തിരുത്താനുള്ള അനുമതി ആവശ്യപ്പെടണമെന്ന് ചട്ടം 115(1) അനുശാസിക്കുന്നുണ്ടെന്ന് ടോഗാർ പരാതിയിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രി അനുരാഗ് ഠാക്കൂറും സഭയിൽ പറഞ്ഞ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ഈ ചട്ടപ്രകാരം തിരുത്തപ്പെടേണ്ടതുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കണം- ടാഗോർ ആവശ്യപ്പെട്ടു.

2014ൽ ബിജെപി അധികാരത്തിലെത്തും മുമ്പ് രാജ്യത്തിന് സ്വന്തമായി യുദ്ധവിമാനമോ ആവശ്യത്തിന് ആയുധമോ ഉണ്ടായിരുന്നില്ലെന്ന ഠാക്കൂറിന്റെ പ്രസ്താവനക്കെതിരെയാണ് കോൺഗ്രസിന്റെ ആദ്യ പരാതി. '2000ൽ തന്നെ നമുക്ക് മിറാഷ്, എസ്.യു-30, മിഗ് 29, ജാഗ്വർ യുദ്ധവിമാനങ്ങളുണ്ട്. ആണവ ബോംബും അഗ്നി, പൃത്ഥ്വി, ആകാശ്, നാഗ്, തൃശൂൽ, ബ്രഹ്‌മോസ് തുടങ്ങിയ മിസൈലുകളുമുണ്ട്.' - മാണിക്കം ടോഗാർ വ്യക്തമാക്കി. കഴിഞ്ഞ പത്തു വർഷം 25 കോടി ജനങ്ങളെ ദാരിദ്യമുക്തമാക്കി എന്ന സർക്കാർ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ഒറ്റയ്ക്ക് മത്സരിച്ച 16 സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം കുറഞ്ഞു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെയും കോൺഗ്രസ് രംഗത്തുവന്നു. 'ഇത് വസ്തുതാ വിരുദ്ധമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം വർധിക്കുകയാണ് ചെയ്തത്.' - മാണിക്കം ടാഗോർ വ്യക്തമാക്കി.

18-ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം അഭൂതപൂർവ്വമായ ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദത്തിനാണ് സാക്ഷിയായത്. പത്തു വർഷത്തിനു ശേഷം പ്രതിപക്ഷം ശക്തമായി സഭയിൽ തിരിച്ചെത്തിയത് സഭയ്ക്ക് ഉണർവ്വു പകർന്നു. നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വാക്കുകൾ കൊണ്ട് കൊമ്പു കോർത്തതും ശ്രദ്ധേയമായി. ആരെയും ഭയക്കുന്നില്ലെന്നും ബിജെപി വെറുപ്പു പ്രചരിപ്പിക്കുകയാണ് എന്നുമാണ് രാഹുൽ സഭയിൽ പ്രസംഗിച്ചത്. ന്യൂനപക്ഷങ്ങൾക്കു നേരെ രാജ്യത്തുടനീളം നടക്കുന്ന ആക്രമണങ്ങൾ, മണിപ്പൂർ, നീറ്റ്, കർഷക സമരം തുടങ്ങിയ വിഷയങ്ങളെല്ലാം രാഹുൽ സഭയിൽ ഉയർത്തി. രാഹുലിന്റെ പ്രസംഗത്തെ ബിജെപി അംഗങ്ങൾ പലകുറി തടസ്സപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു.

രാഹുലിന് കുട്ടികളുടെ ബുദ്ധിയാണ് എന്നാണ് മോദി പരോക്ഷമായി വിമർശിച്ചത്. കോൺഗ്രസിന് 99 സീറ്റു മാത്രമാണ് കിട്ടിയത്. എന്നാൽ നൂറിൽ 99 സീറ്റ് കിട്ടി എന്ന രീതിയിലാണ് ആഘോഷം. 1984ന് ശേഷം ഒരു തെരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് 250 സീറ്റ് തികയ്ക്കാനായിട്ടില്ല. ബിജെപിക്കെതിരെ തുടർച്ചയായി നുണ പ്രചരിപ്പിക്കുകയായിരുന്നു പ്രതിപക്ഷം. എന്നിട്ടും അവർക്ക് പരാജയം നേരിടേണ്ടി വന്നു- മോദി ആരോപിച്ചു. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News