മധ്യപ്രദേശ് മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം; ബിജെപിക്ക് തിരിച്ചടി

എ.ഐ.എം.ഐ.എം ഏഴു സീറ്റിൽ ജയിച്ചു. മൂന്ന് സീറ്റുകളിൽ എസ്ഡിപിഐ ബിജെപിയെ പരാജയപ്പെടുത്തി

Update: 2022-07-20 17:50 GMT
Advertising

ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കുന്ന മധ്യപ്രദേശിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ചനേട്ടം. ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെണ്ണലിൽ അഞ്ചിൽ രണ്ടെണ്ണം ജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് ആകെയുള്ള 16 മേയർ പദവികളിൽ അഞ്ചെണ്ണം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഴുവൻ മേയർപദവികളും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ ഒമ്പതിൽ ഒതുങ്ങി. ജൂലൈ 13 നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസിന്റെ അജയ് മിശ്ര ബാബ രേവ മുനിസിപ്പൽ കോർപറേഷനിൽ 10,282 വോട്ടുകൾക്ക് ബി.ജെ.പിയുടെ പ്രബോധ് വ്യാസിനെ പരാജയപ്പെടുത്തി. 1999ൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് വന്ന ശേഷം ആദ്യമായാണ് രേവയിൽ കോൺഗ്രസ് ജയിക്കുന്നത്. മൊറേനയിൽ കോൺഗ്രസിലെ ശാരദ സോളങ്കി 14,631 വോട്ടുകൾക്ക് ബി.ജെ.പിയുടെ മീന മുകേഷ് ജാദവിനെ തോൽപിച്ചു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പ്രതിനിധാനംചെയ്യുന്ന മൊറേന ലോക്സഭ സീറ്റിന്റെ ഭാഗമാണ് മൊറേന മുനിസിപ്പൽ കോർപറേഷൻ.

ഞായറാഴ്ച വോട്ടെണ്ണൽ നടന്ന 11 നഗരങ്ങളിലെ മേയർ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ബി.ജെ.പി ഏഴും കോൺഗ്രസ് മൂന്നിടത്തും ആം ആദ്മി പാർട്ടി ഒരിടത്തും ജയിച്ചിരുന്നു. ഭോപാൽ, ഇന്ദോർ, ബുർഹാൻപൂർ, ഖണ്ഡ്വ, സത്ന, സാഗർ, ഉൈജ്ജൻ, ദേവാസ്, രത്ലം എന്നിവിടങ്ങളിലെ മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചു. ജബൽപുർ, ഗ്വാളിയോർ, ചിന്ദ്വാര, രേവ, മൊറേന എന്നിവിടങ്ങളിൽ കോൺഗ്രസും. അതേസമയം, ഇതാദ്യമായി മധ്യപ്രദേശ് നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴു സീറ്റിൽ ജയിച്ചു. മൂന്ന് സീറ്റുകളിൽ എസ്ഡിപിഐ ബിജെപിയെ പരാജയപ്പെടുത്തി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News