"ഇന്ത്യയെ കടത്തിണ്ണയിലാക്കി വിദേശത്തേക്ക് പോകാൻ കോൺഗ്രസിന് ഒരു മടിയുമില്ല": യോഗി ആദിത്യനാഥ്‌

ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും അപമാനിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി പറഞ്ഞു

Update: 2023-03-25 06:11 GMT
Editor : banuisahak | By : Web Desk
Advertising

വാരാണസി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ദരിദ്രരുടെയും ദളിതരുടെയും പിന്നാക്ക വിഭാഗക്കാരുടെയും മക്കൾ രാജ്യത്തെ പരമോന്നത സ്ഥാനങ്ങളിൽ എത്തുന്നത് കോൺഗ്രസിന് ദഹിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു യോഗിയുടെ പരാമർശം.

രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി അവർ നക്‌സലിസവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി വിമർശിച്ചു. രാഹുൽ ഗാന്ധിയെ അയോഗ്യനായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു യോഗി വിമർശനവുമായി രംഗത്തെത്തിയത്. ദലിതർക്കും ദരിദ്രർക്കും പിന്നാക്കക്കാർക്കും അധഃസ്ഥിതർക്കും എതിരെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയത്. പാർലമെന്ററി മര്യാദയെ കാറ്റിൽ പറത്തി കോടതിയലക്ഷ്യത്തിന്റെ തലത്തിലേക്ക് രാഹുൽ കൂപ്പുകുത്തിയതിന് രാജ്യം സാക്ഷിയാണെന്നും യോഗി ചൂണ്ടിക്കാട്ടി. 

ദരിദ്രരെയും ദളിതരെയും പിന്നാക്കക്കാരെയും അപമാനിച്ചതിന് കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്നും 1780 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടൽ ചടങ്ങിനും ശേഷം സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ നടത്തിയ പ്രസംഗത്തിൽ യോഗി പറഞ്ഞു. 

'ലോകത്തിലെ ഏറ്റവും ശക്തമായ 20 രാജ്യങ്ങളുടെ ഗ്രൂപ്പായ ജി 20യിൽ ഇന്ത്യ അധ്യക്ഷത വഹിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കുന്നതിന്റെ തെളിവാണ്. രാജ്യം മാത്രമല്ല, ലോകം തന്നെ ഇന്ത്യയുടെ പുതിയ ശക്തിയാണ് കാണുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ പുതിയ മാതൃകയാണ് സൃഷ്ടിച്ചത്'; യോഗി പറഞ്ഞു. 

ഒരു വശത്ത് ലോകം ഇന്ത്യയുടെ പുരോഗതിയിൽ അഭിമാനിക്കുകയും അതിന്റെ മാതൃക സ്വീകരിക്കാൻ ഉത്സാഹിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത്, തലമുറകളായി സംസ്ഥാനം ഭരിച്ചിട്ടും സംസ്ഥാനത്തെ വിമർശിക്കുന്ന ചിലരുണ്ട്. അവർ വിദേശത്തേക്ക് പോകുമ്പോൾ ഇന്ത്യയെ കടത്തിണ്ണയിൽ തന്നെ നിർത്തുന്നതിൽ അവർക്ക് ഒരു മടിയുമില്ലെന്നും യോഗി പറഞ്ഞു. രാഹുൽ ഗാന്ധി യുകെയിൽ നടത്തിയ പ്രസ്താവന മുൻനിർത്തിയായിരുന്നു യോഗിയുടെ വിമർശനം. 

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചുള്ള കോൺഗ്രസ് പ്രസ്താവനകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. 2004ലും 2009ലും സർക്കാർ രൂപീകരിക്കാനുള്ള പദവി ലഭിച്ച ഇവിഎമ്മുകളെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. ഇന്ത്യ വികസിക്കുന്നതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. പ്രധാനമന്ത്രിയുടെ എല്ലാ പ്രചാരണത്തിലും തടസങ്ങളുണ്ടാക്കുന്നത് അവരുടെ ശീലമാണ്. രാജ്യത്തിന്റെ വികസനത്തെ കുറിച്ച് കോൺഗ്രസ് ഒരിക്കലും ചിന്തിച്ചിട്ടില്ല, ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനാണ് ഇക്കൂട്ടർ എപ്പോഴും ശ്രമിച്ചിരുന്നത്. ഭരണകാലത്ത് അഴിമതിയുടെ പുതിയ റെക്കോർഡുകൾ സ്ഥാപിച്ചെന്നും യോഗി പറഞ്ഞു. 

ഇന്ന് ഇന്ത്യ ആഗോള തലത്തിൽ തിളങ്ങാൻ പോകുമ്പോൾ ഇക്കൂട്ടർ രാജ്യത്തിന്റെ പുരോഗതിയെ അപകീർത്തിപ്പെടുത്തി തടയുകയാണ്. കോൺഗ്രസ് ജാതികൾക്കിടയിൽ അസ്വാരസ്യം വർധിപ്പിക്കുമ്പോൾ, ഇന്നത്തെ സർക്കാർ "സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്" എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ഒമ്പത് വർഷമായി ഒരു വിവേചനവുമില്ലാതെ മുന്നോട്ട് പോകുകയാണെന്നും യോഗി പറഞ്ഞു. 

അതേസമയം, ബിജെപി സർക്കാരിന്റെ നേട്ടങ്ങളും യോഗി ചൂണ്ടിക്കാട്ടാൻ മറന്നില്ല. പാവപ്പെട്ടവർക്ക് വീട്, ശൗചാലയം, റേഷൻ, പാചക വാതകം, വൈദ്യുതി കണക്ഷനുകൾ എന്നിവ ഇപ്പോൾ ബിജെപി സർക്കാർ നൽകുന്നുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയായാലും മറ്റ് വികസന സൗകര്യങ്ങളായാലും ഒരു വിവേചനവുമില്ലാതെ എല്ലാവരിലും ഒരുപോലെ എത്തുന്നുണ്ടെന്നും യോഗി പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കാശിയിൽ മാത്രം 35,000 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. ഉദ്‌ഘാടനം കഴിഞ്ഞ പദ്ധതികൾ മോദിയുടെ അടുത്ത സന്ദർശനത്തിൽ കാശിയിലെ ജനങ്ങൾക്ക് സമർപ്പിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News