മഹാരാഷ്ട്രയിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി
ചൊവ്വാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം..
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കോൺഗ്രസ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. കോൺഗ്രസ് 87 സ്ഥാനാർഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്. അതേസമയം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയിലും, മഹായുതി സഖ്യത്തിലും തർക്കം തുടരുകയാണ്. മഹായുതിയിൽ 30 സീറ്റുകളിലെ തർക്കത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടെങ്കിലും പ്രഖ്യാപനം വൈകുകയാണ്.
ചൊവ്വാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം.. പ്രശ്നങ്ങൾ തുടരുന്ന ഇരു മുന്നണികളിലേയും സീറ്റ് വിഭജന ചർച്ചകൾ കേന്ദ്ര നേതൃത്വം ഇടപെട്ട് പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. കോൺഗ്രസ് 16 സ്ഥാനാർഥികളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടു. ഇതോടെ കോൺഗ്രസ് 87 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുണ്ട്. അഞ്ചു സീറ്റുകൾ ആവശ്യപ്പെട്ട് എസ്പി മുന്നോട്ടുവന്നത് മഹാവികാസ് അഘാഡിയിൽ തലവേദനയായിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ 25 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കുമെന്ന് എസ്പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദർഭ മേഖലയിലെ സീറ്റ് വിഭജന ചർച്ചകൾ പരിഹരിച്ചെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്. പ്രശ്നപരിഹാരത്തിനായി ബാലാസാഹേബ് തോറാട്ടിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.അതേസമയം എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.
മഹായുതി സഖ്യത്തിലും തർക്കം രൂക്ഷമായി തുടരുകയാണ്. 30 സീറ്റുകളിലുള്ള തർക്കം അവസാനിപ്പിക്കുവാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല. അജിത് പവാർ ശിവസേന വിഭാഗത്തെ അനുനയിപ്പിച്ചെങ്കിലും ചില സീറ്റുകളിൽ പ്രഖ്യാപനം വൈകുകയാണ്.