സിദ്ദുവിന്റെ രാജി ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്ന് സൂചന; രവ്‌നീത് സിങ് ബിട്ടു പുതിയ അധ്യക്ഷനായേക്കും
പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സിദ്ദുവിന്റെ അടുത്ത അനുയായി ആയിരുന്നു. എന്നാല്‍ ചന്നി മുഖ്യമന്ത്രിയായതോടെ സിദ്ദു വീണ്ടും ഇടയുകയായിരുന്നു.
പാര്‍ട്ടിയേയും സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കി ആവശ്യങ്ങളുന്നയിക്കുന്ന നവജ്യോത് സിങ് സിദ്ദുവിന്റെ രാജി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന. സിദ്ദുവിന് മുന്നറിയിപ്പ് എന്ന നിലയില്‍ രവ്‌നീത് സിങ് ബിട്ടുവിനെ പുതിയ പി.സി.സി അധ്യക്ഷനാക്കിയേക്കുമെന്നും സൂചനയുണ്ട്.
സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് മുഖ്യമന്ത്രി പദവി രാജിവെച്ചത്. പുതിയ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി സിദ്ദുവിന്റെ അടുത്ത അനുയായി ആയിരുന്നു. എന്നാല്‍ ചന്നി മുഖ്യമന്ത്രിയായതോടെ സിദ്ദു വീണ്ടും ഇടയുകയായിരുന്നു.
ഡി.ജി.പിയേയും അഡ്വക്കറ്റ് ജനറലിനെയും മാറ്റണമെന്ന ആവശ്യമാണ് സിദ്ദു ആദ്യം ഉന്നയിച്ചത്. ഇപ്പോള്‍ മന്ത്രിസഭയിലും മാറ്റം വേണമെന്ന ആവശ്യമാണ് സിദ്ദു ഉന്നയിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി ചന്നിയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതോടെയാണ് സിദ്ദുവിന്റെ രാജി സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.