'ഗംഗാ മാതാവിനോട് നുണ പറഞ്ഞ ഒരാളെ വരാണസി ജനത എങ്ങനെ വിശ്വസിക്കും': മോദിക്കെതിരെ ജയറാം രമേശ്
നമാമി ഗംഗ പദ്ധതിക്കായി കേന്ദ്രം 20,000 കോടി രൂപയിലേറെയാണ് ചെലവഴിച്ചത്. അത് എവിടെ പോയെന്നും ജയറാം രമേശ്
വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് എക്‌സില്‍ മോദിക്കെതിരെ ചോദ്യങ്ങളുമായി രംഗത്ത് വന്നത്.
ഗംഗാനദി വൃത്തിയാക്കുന്നതിനായി മോദി അവതരിപ്പിച്ച 'നമാമി ഗംഗ' പദ്ധതി വന്‍ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് ജയറാം രമേശിന്റെ ചോദ്യങ്ങള്‍. ഇരുപതിനായിരം കോടി രൂപ ചെലവഴിച്ചിട്ടും ഗംഗ എന്തുകൊണ്ടാണ് കൂടുതല്‍ മലിനമാകുന്നതെന്നും എന്തുകൊണ്ടാണ് പ്രധാനമന്ത്രി താന്‍ ദത്തെടുത്ത വാരണാസി ഗ്രാമങ്ങള്‍ ഉപേക്ഷിച്ചതെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
2014ല്‍ വരാണസിയിലേക്ക് വന്നപ്പോള്‍ 'ഗംഗാ മാതാവ് എന്നെ വിളിച്ചു' എന്നാണ് മോദി പറഞ്ഞത്. ഗംഗാനദിയിലെ ജലം ശുദ്ധമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. എന്നാല്‍ അധികാരത്തിലെത്തിയ ഉടന്‍ നിലവിലുണ്ടായിരുന്ന ഓപ്പറേഷന്‍ ഗംഗ എന്ന പദ്ധതിയുടെ പേര് നമാമി ഗംഗ എന്നാക്കി മോദി മാറ്റുകയാണ് ചെയ്തതെന്ന് ജയ്‌റാം രമേശ് ആരോപിച്ചു.
പത്ത് വര്‍ഷത്തിനു ശേഷം നമാമി ഗംഗ പദ്ധതിക്കായി കേന്ദ്രം 20,000 കോടി രൂപയിലേറെയാണ് ചെലവഴിച്ചത്. എന്നാല്‍ അതിന്‍റെ ഫലമായി മലിനീകരിക്കപ്പെട്ട നദീതടങ്ങളുടെ എണ്ണം 51 ല്‍ നിന്ന് 66 ലേക്ക് ഉയര്‍ന്നു. അപകടകാരികളായ ബാക്ടീരിയ ഉള്ളതായി 71 ശതമാനം മോണിറ്ററിങ് സ്റ്റേഷനുകളും റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷിതമായ അളവിനേക്കാള്‍ 40 മടങ്ങ് കൂടുതലാണ് ഇത്. ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന ബാക്ടീരിയകളെ ജലത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
നികുതിദായകരുടെ 20,000 കോടി രൂപ എവിടെ പോയെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. ഗംഗാ മാതാവിനോട് പോലും നുണ പറഞ്ഞ ഒരാളെ വരാണസിയിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും ജയറാം രമേശ് കുറിച്ചു.
അതേസമയം വരാണാസിയിലെ ഗ്രാമങ്ങളിലെ വികസന മുരടിപ്പിനെ കുറിച്ചും അദ്ദേഹം ചോദ്യം ഉന്നയിച്ചിട്ടുണ്ട്. വരാണാസിയിലെ എട്ട് ഗ്രാമങ്ങളില്‍ സ്മാര്‍ട്ട് സ്‌കൂളുകള്‍, ആരോഗ്യ സംവിധാനങ്ങള്‍, വീടുകള്‍ എന്നിവയിലൊന്നും മോദി നല്‍കിയ വാഗ്ദാനങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ നടപ്പായിട്ടില്ല. ദലിത് വിഭാഗങ്ങള്‍ക്ക് ഇന്നും വെള്ളവും കക്കൂസ് സൗകര്യങ്ങളോ ഇല്ല. മോദി ദത്തെടുത്ത ഗ്രാമങ്ങളുടെ അവസ്ഥ നമ്മോട് പറയുന്നത് അദ്ദേഹത്തിന്റെ കര്‍ത്തവ്യ ബോധത്തിന്റെയും ജനങ്ങളെ എങ്ങിനെ സേവിക്കുന്നുവെന്നതിന്റെയും തെളിവാണെന്നും ജയറാം രമേശ് കുറിപ്പില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ദത്തെടുത്ത ഗ്രാമങ്ങളെ മോദി ഉപേക്ഷിച്ചത്. ഇതാണോ മോദിയുടെ ഗ്യാരണ്ടിയുടെ യഥാര്‍ത്ഥ മുഖമെന്നും അദ്ദേഹം ചോദിച്ചു.
ഗോഡ്സെയുടെ പ്രത്യയശാസ്ത്രമാണ് മോദി പിന്തുടരുന്നത്. നമ്മുടെ രാഷ്ട്രപിതാവിനോടുള്ള വിദ്വേഷം തീര്‍ക്കാനായി ആചാര്യ വിനോഭ ഭാവെ ആരംഭിച്ച സര്‍വ സേവാ സംഘിനെ നശിപ്പിക്കുന്ന തലത്തിലേക്ക് വരെ എത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിലെ ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ നശിപ്പിക്കുമ്പോള്‍ വിദേശത്ത് ഗാന്ധിജിയെ സ്തുതിക്കുന്ന കാപട്യത്തില്‍ പ്രധാനമന്ത്രി തുടരുന്നത് എന്തുകൊണ്ടാണെന്നും ജയറാം രമേശ് ചോദിച്ചു.