'ഇന്ത്യൻ രാഷ്ട്രീയത്തിന് മുതൽക്കൂട്ട്': ഭാരത് ജോഡോ യാത്ര ചരിത്രപരമെന്ന് ജയറാം രമേശ്
കോൺഗ്രസിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ മാറ്റത്തിന് ഭാരത് ജോഡോ യാത്ര വഴിതെളിക്കുമെന്നും ജയറാം രമേശ്
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ചരിത്രപരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ചരിത്രപരമായ യാത്രയാവും ഭാരത് ജോഡോയെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന് ഇത് വഴിതെളിക്കുമെന്നും ജയറാം രമേശ് മീഡിയ വണ്ണിനോട് പറഞ്ഞു.
"കോൺഗ്രസിന് വളരെ നിർണായകമായ ഒരു നീക്കമാണ് ഭാരത് ജോഡോ യാത്ര.ഒരുപാട് ദൂരം സഞ്ചരിക്കേണ്ടുന്ന പദയാത്രയാണിത്.ടൊയോട്ടയിലോ ഹ്യൂണ്ടായിലോ ഇന്നോവിലോ അല്ല ഞങ്ങൾ സഞ്ചരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 180ഓളം കോൺഗ്രസ് പ്രവർത്തകർ കാൽനടയായാണ് യാത്ര. കോൺഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബിജെപി തീരെ പ്രതീക്ഷിച്ചില്ല.
അവർ ഇപ്പോഴേ ആശങ്കാകുലരാണെന്ന് തന്നെ പറയണം. അവർ നടത്തിയ രഥയാത്രയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പദയാത്ര. കോൺഗ്രസിലും ഇന്ത്യൻ രാഷ്ട്രീയത്തിലും വലിയ മാറ്റത്തിന് ഭാരത് ജോഡോ യാത്ര മുതൽക്കൂട്ടാകും. ഇന്നാരംഭിക്കുന്ന യാത്ര വിജയം കാണുക തന്നെ ചെയ്യും. 2024ൽ ബിജെപി എന്ന പാർട്ടി ചരിത്രമാകും". ജയറാം രമേശ് പറഞ്ഞു.