രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് സല്‍മാന്‍ ഖുർഷിദ്; ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യമെന്ന് ബി.ജെ.പി
ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ശ്രീരാമനോട് ഉപമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. 'ശ്രദ്ധയോടെ തപസ്യ ചെയ്യുന്ന യോഗിയെപ്പോലെയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി സൂപ്പർ ഹ്യൂമനാണെന്ന് പറയാൻ കാരണമുണ്ട്. ഈ തണുപ്പിൽ ഞങ്ങളെല്ലാം തണുത്ത് വിറയ്ക്കുകയാണ്. ജാക്കറ്റ് ധരിച്ചിട്ട് കൂടി രക്ഷയില്ല. പക്ഷേ രാഹുലിനെ നോക്കൂ, അദ്ദേഹം വെറും ടീഷർട്ട് മാത്രം ധരിച്ചാണ് യാത്ര ചെയ്യുന്നതെന്നും ഖുർഷിദ് പറഞ്ഞു.
തുടർന്നാണ് രാഹുൽ ഗാന്ധിയെ ശ്രീരാമനോട് സൽമാൻ ഖുർഷിദ് ഉപമിച്ചത്. 'ശ്രീരാമന് എത്തിപ്പെടാൻ കഴിയാത്ത ഇടങ്ങളിൽ രാമന്റെ പാദുകങ്ങൾ ഞാൻ എത്തിക്കും. ഇപ്പോൾ ആ പാദുകങ്ങൾ യുപിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഭാരത് ജോഡോ യാത്ര'യ്ക്കിടെ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തെഴുതിയിരുന്നു. ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ, കോവിഡിൽ കോൺഗ്രസിന് പ്രത്യേക മാർഗ്ഗനിർദ്ദേശം ഉണ്ടാകില്ലെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമ്പോഴെല്ലാം പാർട്ടി അത് പാലിക്കുമെന്നും ഖുർഷിദ് പറഞ്ഞു.
എന്നാൽ രാഹുലിനെ ശ്രീരാമനോട് ഉപമിച്ചതിനെതിരെ ബിജെപിയുടെ ഷെഹസാദ് പൂനാവാല രംഗത്തെത്തി. ഹിന്ദുത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രസ്താവനയെന്ന് പൂനാവാല ട്വീറ്റ് ചെയ്തു. 'സൽമാൻ ഖുർഷിദ് രാഹുൽ ഗാന്ധിയെ ഭഗവാൻ ശ്രീരാമനോട് സമമാക്കി, തന്നെ ഭാരതത്തോട് ആരെയെങ്കിലും മറ്റ് മതങ്ങളുടെ ദൈവവുമായി താരതമ്യം ചെയ്യാൻ ധൈര്യപ്പെടുമോ?''- പൂനവല്ല ട്വീറ്റിലൂടെ ചോദിച്ചു.
'മറ്റ് മതങ്ങളിലെ ദൈവങ്ങളോട് എന്താണ് ആരെയും ഉപമിക്കാത്തത്. അതിന് ധൈര്യമുള്ള ആരെങ്കിലുമുണ്ടോ?. രാമന്റെ അസ്തിത്വം നിഷേധിക്കുകയും അയോദ്ധ്യയിലെ രാമ ക്ഷേത്രത്തെ എതിർക്കുകയും ചെയ്തവർ, ഇപ്പോൾ ഭഗവാൻ രാമനെ അപമാനിക്കുകയാണെന്നും' പൂനാവാലെ വിമർശിച്ചു.
അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് കടക്കാനിരിക്കെ, പരിപാടിയിലേക്ക് ബി.ജെ.പിയിതര കക്ഷി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചു. സമാജ്വാദി അധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് യാത്രയിൽ പങ്കെടുക്കാൻ പാർട്ടി ക്ഷണം നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രവേശിക്കുന്നത്. പിന്നീട് ബാഗ്പത്, ഷംലി വഴി ഹരിയാനയിൽ പ്രവേശിക്കും.