'ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട്': കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
അട്ടിമറി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മുതിർന്ന നേതാക്കളായ കെ.സി വേണുഗോപാൽ, ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാകേൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായും 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതായും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പവൻ ഖേര പറഞ്ഞു. 48 മണിക്കൂറിനിടെ നിരവധി പരാതികളാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നു എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടിങ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയമുന്നയിച്ചിരുന്നു.
ഹരിയാനയിലെ നേതാക്കൾ നിരവധി പരാതികളാണ് ഉന്നയിച്ചിട്ടുള്ളത് എന്നും കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ആരോപിച്ചിരുന്നു. ഈ പരാതികൾ ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണനെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം എഐസിസി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാക്കൾ കമ്മിഷനെ കണ്ടത്. ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. 37 സീറ്റാണ് കോൺഗ്രസ് സ്വന്തമാക്കിയത്.