അഞ്ചിലും തകര്‍ന്നടിഞ്ഞു; കോണ്‍ഗ്രസ് നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിനടത്തണമെന്ന് മുതിര്‍ന്ന നേതാക്കള്‍
ജി-23 നേതാക്കൾ ഉടൻ യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ.
അഞ്ച് സംസ്ഥാനങ്ങളിൽ തകർന്നടിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസ് പാർട്ടിയിൽ തിരുത്തൽ വേണമെന്ന ആവശ്യമുയർത്തി മുതിർന്ന നേതാക്കൾ. തെരഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ടെന്ന് ശശി തരൂർ ഫെയ്സ് ബുക്കിൽ കുറിച്ചു. ജി-23 നേതാക്കൾ ഉടൻ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് ഫലം വന്ന അഞ്ച് സംസ്ഥാനങ്ങളിലും നിരാശാജനകമായ പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിനടത്തണമെന്ന വികാരമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. തെരെഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എംപി ഫെയ്സ്ബുക്കിൽ കുറിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരെഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്.സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ ഫേസ്ബുക്കിൽ തുറന്നടിച്ചു.
തോൽവിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി ഉടൻ വർക്കിംഗ് കമ്മിറ്റി വിളിച്ചുചേർക്കുമെന്ന് ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ഇന്നലെ അറിയിച്ചിരുന്നു. എങ്കിലും 48 മണിക്കൂറിനുള്ളിൽ ഗ്രൂപ്പ് 23 നേതാക്കൾ യോഗം ചേരാനൊരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജി23 നേതാക്കളിൽ പ്രമുഖരായ ഗുലാം നബി ആസാദും മനീഷ് തിവാരിയും താരപ്രചാകരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ഇത് വലിയ ചർച്ചകൾക്ക് ഇടം നൽകിയിരുന്നു. പാർട്ടിയില്‍ നേതൃത്വമടക്കമുള്ള സ്ഥാനങ്ങളിലും വർക്കിംഗ് കമ്മിറ്റിയിലും അഴിച്ചുപണിവേണമെന്ന് 2020ലാണ് ഗ്രൂപ്23 നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്.