മമത ബാനര്‍ജിയുമായി മികച്ച ബന്ധമെന്ന് രാഹുല്‍ ഗാന്ധി

ബംഗാളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടൊണ് രാഹുലിന്‍റെ വാക്കുകള്‍

Update: 2024-01-24 02:07 GMT
Editor : Jaisy Thomas | By : Web Desk

മമത ബാനര്‍ജി/രാഹുല്‍ ഗാന്ധി

Advertising

ഡല്‍ഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി താനും തന്‍റെ പാർട്ടിയും വളരെ നല്ല വ്യക്തിബന്ധമാണ് പുലർത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബംഗാളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടൊണ് രാഹുലിന്‍റെ വാക്കുകള്‍. അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഴക്കൻ സംസ്ഥാനത്ത് സീറ്റ് വിഭജനം സംബന്ധിച്ച് തന്‍റെ പാർട്ടിയും ടിഎംസിയും - ഇന്‍ഡ്യ മുന്നണിയിലെ രണ്ട് സഖ്യകക്ഷികളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. “സീറ്റ് സംബന്ധിച്ച ഞങ്ങളുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. തീരുമാനം ഉടന്‍ വ്യക്തമാകും. അതിനെക്കുറിച്ച് ഇവിടെ അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എനിക്ക് മമത ജിയുമായി വളരെ നല്ല വ്യക്തിബന്ധമാണ് ഉള്ളത്, അതുപോലെ തന്നെ ഞങ്ങളുടെ പാർട്ടിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറ്റ് വിഭജന ചര്‍ച്ചയില്‍ മമതയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാഗ്വാദമുണ്ടായതിനെ തുടര്‍ന്ന് പശ്ചിമബംഗാളിലെ ഇന്‍ഡ്യാ മുന്നണി അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് രാഹുലിന്‍റെ പരാമർശം.

തിങ്കളാഴ്ച നടന്ന സര്‍വമത റാലിയില്‍ കോണ്‍ഗ്രസിന് 300 സീറ്റില്‍ ഒറ്റക്ക് മത്സരിക്കാമെന്നും മറ്റുള്ളവ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. ഇന്‍ഡ്യാ മുന്നണിയില്‍ ഇടതുപക്ഷം വല്യേട്ടന്‍ കളിക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു. മമത ബാനര്‍ജി അവസരവാദിയാണെന്നും അവരുടെ സഹായമില്ലാതെ കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. 'മമതയുടെ സഹായത്തോടെ ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടില്ല. കോണ്‍ഗ്രസിന് സ്വന്തം ശക്തിയില്‍ എങ്ങനെ പോരാടണമെന്ന് അറിയാം. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ബംഗാളില്‍ അധികാരത്തിലെത്തിയത് എന്ന് മമത ബാനര്‍ജി ഓര്‍ക്കണം,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിഎംസി രാജ്യസഭാംഗം സന്താനു സെൻ രാഹുല്‍ ഗാന്ധിയുടെ പരാമർശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ ശത്രുതാപരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് ചൗധരിയെ നിയന്ത്രിക്കാൻ രാഹുലിനെ ഓർമ്മിപ്പിച്ചു.“അദ്ദേഹം എല്ലാ ദിവസവും പൊതുസ്ഥലത്ത് മമത ബാനർജിയെ ലക്ഷ്യം വയ്ക്കുകയും അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. സഖ്യത്തെ ഗൗരവമായിട്ടാണ് കാണുന്നതെങ്കില്‍ രാഹുല്‍ ചൗധരിയെ നിയന്ത്രിക്കണം'' അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News