ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി: യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എം.എല്‍.എമാര്‍

കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദിഗംബർ കാമത്ത് ഉള്‍പ്പെടെയുള്ള എം.എല്‍.എമാരാണ് വിട്ടുനിന്നത്

Update: 2022-07-10 12:30 GMT
ഗോവ കോണ്‍ഗ്രസിലും പ്രതിസന്ധി: യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എം.എല്‍.എമാര്‍
AddThis Website Tools
Advertising

പനാജി: ഗോവ കോണ്‍ഗ്രസില്‍ അതൃപ്കിയെന്ന് സൂചന. ഗോവയില്‍ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പുള്ള പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു യോഗം. എം.എൽ.എമാരെ ബി.ജെ.പി വിലയ്ക്ക് വാങ്ങാൻ ശ്രമിക്കുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദിഗംബർ കാമത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ കാമത്ത് അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിട്ടുനിന്ന എം.എൽ.എമാർ ബി.ജെ.പിയുമായി അടുക്കുന്നുവെന്നാണ് സൂചന.

എന്നാല്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഗോവയിലെ കോണ്‍ഗ്രസ് നേതാവ് അമിത് പട്കർ പറഞ്ഞു. ഏഴ് എം.എൽ.എമാർ യോഗത്തില്‍ പങ്കെടുത്തെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ റദ്ദാക്കി. ചൊവ്വാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്.

ഗോവയിലെ 40 അംഗ നിയമസഭയിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് 25 എം.എല്‍.എമാരും പ്രതിപക്ഷമായ കോൺഗ്രസിന് 11 എം.എല്‍.എമാരുമാണുള്ളത്. 2019ല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എം.എല്‍.എമാരും ബി.ജെ.പിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇത്തവണത്തെ തെരഞ്ഞെടുപ്പിനിടെ കൂറുമാറില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കൊണ്ട് നേതൃത്വം സത്യം ചെയ്യിക്കുകയുണ്ടായി. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News