'ശത്രുവിന്‍റെ സുഹൃത്തിനെ വിശ്വസിക്കരുത്': പ്രശാന്ത് കിഷോറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത

2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ഐപാക്ക് ടി.ആർ.എസിനെ സഹായിക്കാൻ തയ്യാറായതാണ് എതിർപ്പിന് കാരണം

Update: 2022-04-25 07:23 GMT
Advertising

ഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് എതിരെ വിമർശനവുമായി തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം മാണിക്കം ടാഗോർ രംഗത്ത്. 2023ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന്റെ ഐപാക്ക് ടി.ആർ.എസിനെ സഹായിക്കാൻ തയ്യാറായതാണ് എതിർപ്പിന് കാരണം. അതേസമയം പ്രശാന്ത് കിഷോർ തയ്യാറാക്കിയ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതലയോഗം ചേർന്നു.

തെലങ്കാനയിൽ കോൺഗ്രസിനെ തോൽപ്പിച്ചാണ് ടി.ആർ.എസ് ഭരണം നേടിയത്. സംസ്ഥാനത്ത് എതിർ ചേരിയിലുള്ള പാർട്ടിയെ സഹായിക്കാൻ പ്രശാന്ത് കിഷോർ എത്തിയതാണ് കോൺഗ്രസിൽ പ്രതിഷേധത്തിന് കാരണമായത്. ഹൈദരാബാദിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയാണ് പ്രശാന്ത് കിഷോർ, കെ ചന്ദ്രശേഖര റാവുവിനെ കണ്ടത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. പ്രശാന്ത് കിഷോറിന്‍റെ കമ്പനിയായ ഐപാക്ക് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ സഹായിക്കാൻ കരാറിൽ ഒപ്പ് വെച്ചതായി ടിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കെ.ടി രാമറാവു വ്യക്തമാക്കി. ഇതിന് പിന്നാലെ ആണ് എതിർപ്പ് അറിയിച്ച് മാണിക്കം ടാഗോറിന്‍റെ ട്വീറ്റ്. ശത്രുവിന്‍റെ സുഹൃത്തായ ഒരാളെ വിശ്വസിക്കരുത് എന്നാണ് തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗം മാണിക്കം ടാഗോർ ട്വീറ്റ് ചെയ്തത്.

പ്രശാന്ത് കിഷോറിന് കരാറുമായി ബന്ധമില്ല എന്നാണ് ഐപാക്ക് കമ്പനി അധികൃതരുടെ വാദം. കെ ചന്ദ്രശേഖര റാവുവുമായി കരാറിൽ ഒപ്പ് വെച്ചതി ഐപാക്ക് ആണെന്നും അധികൃതർ വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗും പ്രശാന്ത് കിഷോറിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മറ്റ് പാർട്ടികളുമായി പ്രശാന്ത് കിഷോർ സഹകരിക്കില്ലെന്ന് ഉറപ്പ് നൽകിയതായി കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കി. 

Summary- The Congress high command is set to begin its crucial meeting today to decide on whether it will accept poll strategist Prashant Kishor's proposal to revamp the grand old party ahead of the 2024 general election

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News