'പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിനിറങ്ങരുത്'; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി
''പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം''
ഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സുതാര്യവും ജനാധിപത്യപരവുമാക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ദുഷ്പ്രചരണം നടത്തരുത് എന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ഇത്തരം നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കും. സ്ഥാനാർത്ഥികൾ വോട്ടർമാരുടെ യോഗം വിളിച്ചാൽ പിസിസി അധ്യക്ഷന്മാർ സൗകര്യം ഒരുക്കണം. പി സി സി അധ്യക്ഷമാൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം. പദവികളിൽ ഇരുന്ന് സ്ഥാനാർത്ഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുത്. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.
അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. കൃത്യമായി നേതൃത്വത്തെ വിമർശിച്ചു കൊണ്ടാണ് തരൂരിന്റെ പ്രചാരണം. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.
ഹൈക്കമാന്റ് വികാരം അറിഞ്ഞുള്ള പിന്തുണ ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഖാർഗെ. നേതാക്കളെ നേരിൽ കാണുന്നതിനും വോട്ട് അഭ്യർത്ഥിക്കുന്നതിനുമായി തരൂർ ഹൈദരാബാദിൽ എത്തി. വൻ സ്വീകരണമാണ് തരൂരിന് ഹൈദരാബാദിൽ ലഭിച്ചത്. ബി ജെ പിക്കെതിരെയാണ് പോരാട്ടമെന്നും ഖാർഗെയുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ലെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.