കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; തരൂരും ഖാർ​ഗെയും പ്രചാരണത്തിരക്കിൽ

യുവാക്കളുടെ പിന്തുണ തനിക്കാണെന്നും തരൂർ പറയുന്നു.

Update: 2022-10-04 04:54 GMT
Advertising

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെയും എതിർ സ്ഥാനാർഥി ശശി തരൂരും പ്രചാരണത്തിരക്കിൽ. ഒരോ ദിവസം ഓരോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ശശി തരൂരിന്റെ പ്രചരണം.

ഇന്ന് തിരുവനന്തപുരത്തുള്ള തരൂർ കെ.പി.സി.സി ആസ്ഥാനത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മാറ്റമാഗ്രഹിക്കുന്നവർ തനിക്ക് വോട്ടുചെയ്യണമെന്നാണ് തരൂരിന്റെ അഭ്യർഥന.

പ്രചരണ പരിപാടികളിലെ യുവാക്കളുടെ സാന്നിധ്യം മാറ്റത്തിന്റെ സൂചനയാണെന്നാണ് തരൂർ പറയുന്നത്. യുവാക്കളുടെ പിന്തുണ തനിക്കാണെന്നും തരൂർ പറയുന്നു.

അതേസമയം, ആദ്യഘട്ടത്തിൽ ഫോണിലൂടെ പ്രധാന നേതാക്കളെ ബന്ധപ്പെടുകയാണ് ഹൈക്കമാൻഡ് സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇന്നലെ മാർഗരേഖ പുറത്തിറക്കിയതിനാൽ സ്ഥാനാർഥികളുടെയും പിന്തുണയ്ക്കുന്ന നേതാക്കളുടെയും ഇനിയുള്ള നീക്കങ്ങൾ സുപ്രധാനമാണ്.

കൃത്യമായി നേതൃത്വത്തെ വിമർശിച്ചു കൊണ്ടാണ് തരൂരിന്റെ പ്രചാരണം. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.

ലഘുലേഖകൾ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പരസ്പരം ദുഷ്പ്രചരണം നടത്തരുത് എന്ന് മാർഗ നിർദേശത്തിൽ പറയുന്നു. ഇത്തരം നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കും. സ്ഥാനാർഥികൾ വോട്ടർമാരുടെ യോഗം വിളിച്ചാൽ പി.സി.സി അധ്യക്ഷന്മാർ സൗകര്യം ഒരുക്കണം.

പി.സി.സി അധ്യക്ഷമാൻ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ പ്രചാരണത്തിന് ഇറങ്ങുകയാണെങ്കിൽ പദവി രാജിവയ്ക്കണം. പദവികളിൽ ഇരുന്ന് സ്ഥാനാർഥികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രചരണം നടത്തരുത്. വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News