കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്ന് ശശി തരൂർ

ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്നുമാണ് തരൂരിന്റെ ആവശ്യം. തരൂർ, മധുസൂധൻ മിസ്ത്രിക്ക് കത്ത് നൽകി

Update: 2022-10-16 14:00 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ട് രേഖപ്പെടുത്തുന്ന രീതി മാറ്റണമെന്നാവശ്യപ്പെട്ട് ശശി തരൂർ. വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റിൽ സ്ഥാനാർഥിയുടെ പേരിന് നേരെ ഒന്ന് എന്ന് എഴുതുന്നത് മാറ്റി ടിക്മാർക്ക് നൽകണമെന്നുമാണ് തരൂരിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് തരൂർ മധുസൂധൻ മിസ്ത്രിക്ക് കത്ത് നൽകി.

ഇന്നലെ മധുസൂധനൻ മിസ്ത്രി വരണാധികാരികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി വോട്ടിങ് രീതി വിശദീകരിച്ചിരുന്നു. മല്ലികാർജുന ഖാർഗെ ഒന്നാമത്തെ നമ്പറിലും ശശി തരൂർ രണ്ടാമത്തെ നമ്പറായുമാണ് ബാലറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആർക്കാണോ വോട്ട് ചെയ്യുന്നത് അവർക്ക് നേരെ ഒന്ന് എന്ന് എഴുതണമെന്നാണ് അറിയിച്ചത്. എന്നാൽ ഇത് ഖാർഗെയ്ക്ക് പരോക്ഷമായി വോട്ട് തേടുന്നു എന്ന ആക്ഷേപമാണ് തരൂർ ഉന്നയിക്കുന്നത്. ഇത് മാറ്റി ടിക്ക് ഇടുന്ന രീതിയാക്കണമെന്നാണ് തരൂരിന്റെ ആവശ്യം.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിനം ഇരു സ്ഥാനാര്‍ഥികളും പ്രചാരണം ശക്തമാക്കുന്നു. ശശി തരൂർ ഉത്തർപ്രദേശിലെ ലക്നൗവിലും മല്ലികാർജുൻ ഖാർഗെ സ്വന്തം നാടായ കർണാടകത്തിലും ആണ് ഇന്ന് പ്രചാരണം നടത്തുന്നത്.

നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസിനെ നയിക്കാൻ എത്തുകയാണ്. മൂവായിരത്തിലധികം വരുന്ന വോട്ടർമാർ നാളെ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. എ.ഐ.സി.സി ആസ്ഥാനത്ത് പരിശീലനം ലഭിച്ച പ്രദേശ് റിട്ടേണിങ് ഓഫീസർമാർ ബാലറ്റ് പെട്ടിയും ബാലറ്റുകളുമായി ഇന്ന് ചുമതലയുള്ള പിസിസികളിൽ എത്തും. പ്രചാരണത്തിന്‍റെ അവസാന ദിനം പ്രിയങ്കാ ഗാന്ധിയുടെ പിന്തുണയോടെ ഉത്തർപ്രദേശിലെ ലക്നൗവിൽ വോട്ട് തേടാൻ ആണ് ശശി തരൂരിന്‍റെ തീരുമാനം.

ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകൾ ഉള്ള ഉത്തർപ്രദേശിൽ നേതാക്കളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ച ശേഷം തരൂര്‍ കേരളത്തിൽ എത്തും. എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെ ഇന്നലെ ജന്മനാടായ കർണാടകയിൽ എത്തിയിരുന്നു. ഖാർഗെയുടെ ഇന്നത്തെ പ്രചാരണവും കർണാടകത്തിൽ ആണ്.

തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കൂടുതൽ നേതാക്കളെ തനിക്ക് അനുകൂലമാക്കി രംഗത്ത് കൊണ്ട് വരാൻ ആണ് ശശി തരൂരിന്‍റെ നീക്കം. തരൂരിന് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് എംപി കാർത്തി ചിദംബരം ഇന്നലെ രംഗത്ത് എത്തിയിരുന്നു. എ.ഐ.സി.സിയുടെ അപ്രഖ്യാപിത വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ കമൽനാഥ് തരൂരിന് സ്വീകരണം ഒരുക്കിയത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News