'സഹോ മത്, ഡരോ മത്...'; രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ​ഗാനം പുറത്തിറങ്ങി

രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

Update: 2024-01-12 14:59 GMT
Advertising

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഗാനം പുറത്തിറങ്ങി. രാഹുല്‍ തന്നെയാണ് ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സഹോ മത്, ദാരോ മത് (സഹിക്കേണ്ട, ഭയപ്പെടേണ്ട) എന്ന ടാഗ്‌ലൈനോടെയാണ് ‘ന്യായ് ഗാനം’ പുറത്തിറക്കിയിരിക്കുന്നത്.

സിഎഎ വിരുദ്ധ പ്രതിഷേധം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, രാഹുൽ ഗാന്ധിയുടെ കന്യാകുമാരി- കാശ്മീർ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ, കർഷകരും തൊഴിലാളികളുമായുള്ള ആശയവിനിമയം എന്നിവ ഉൾക്കൊള്ളുന്ന ​ഗാനം പാർട്ടിയുടെ എല്ലാ സോഷ്യൽമീഡിയ ഹാൻഡിലുകളിലും പങ്കുവച്ചിട്ടുണ്ട്.

'നമുക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വീടുകളിലും എത്തും. തെരുവുകൾ മുതൽ പാർലമെന്റ് വരെ എത്തും. ഇനിയും സഹിക്കേണ്ട. ഭയപ്പെടേണ്ട!'- ഗാനം പങ്കുവച്ച് രാഹുൽ​ ​ഗാന്ധി എക്സിൽ കുറിച്ചു. കഴിഞ്ഞ 10 വർഷത്തെ അനീതിക്കെതിരെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ ന്യായ് യാത്ര സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് വെള്ളിയാഴ്ച പറഞ്ഞിരുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി പൗരസമൂഹത്തോട് രാഹുല്‍ ഗാന്ധി സംവദിക്കുകയും ചെയ്തു. യാത്രയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളാണ് രാഹുല്‍ ഗാന്ധി പൗരസമൂഹത്തോട് ചോദിച്ചത്. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ യാത്രയില്‍ ഉന്നയിക്കണമെന്ന മറുപടിയാണ് ലഭിച്ചത്.

ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14ന് മണിപ്പൂരില്‍ നിന്നാണ് ആരംഭിക്കുക. ഭാരത് ന്യായ് യാത്ര എന്ന് ആദ്യം പേരിട്ടിരുന്ന യാത്രയുടെ പേര് കഴിഞ്ഞ ആഴ്ചയാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കിയത്. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണത്തിലും എഐസിസി മാറ്റം വരുത്തിയിരുന്നു. 14 സംസ്ഥാനങ്ങളിലാകും യാത്രയെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കില്‍ പുതിയ തീരുമാന പ്രകാരം 15 സംസ്ഥാനങ്ങളിലെത്തും. അരുണാചല്‍ പ്രദേശാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

ഉത്തര്‍പ്രദേശ്, മേഘാലയ, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും. പ്രത്യേകം തയാറാക്കിയ ബസിലാകും സഞ്ചാരം. ചില സ്ഥലങ്ങളില്‍ കാല്‍നടയായും സഞ്ചരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാകും മണിപ്പൂരില്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക.

യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. മൊത്തം 110 ജില്ലകള്‍, 100 ലോക്സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളില്‍ യാത്ര എത്തും. സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില്‍ നിന്ന് 6,700 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News