ബിഹാറിൽ എട്ട് സീറ്റെങ്കിലും വേണമെന്ന് കോൺഗ്രസ്; ആർ.ജെ.ഡിയുമായുള്ള ചർച്ചയിൽ ധാരണയായില്ല
നാല് സീറ്റ് നൽകാമെന്ന നിലപാടിലാണ് ആർ.ജെ.ഡി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇൻഡ്യ മുന്നണിയിലെ പാർട്ടികളുമായി കോൺഗ്രസ് ചർച്ച തുടങ്ങി. ആർ.ജെ.ഡിയുമായുള്ള ചർച്ചയിൽ ധാരണയിലെത്താനായില്ല. എട്ട് സീറ്റെങ്കിലും വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. എന്നാൽ നാല് സീറ്റ് നൽകാമെന്ന നിലപടിലാണ് ആർ.ജെ.ഡി. ചർച്ച നാളെയും തുടരും.
ബിഹാറിൽ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. നിലവിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റുപോലുമില്ല. എന്നാൽ ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ ബിഹാറിലെ ഏറ്റവും വലിയ പാർട്ടിയാണ് ആർ.ജെ.ഡി. ആർ.ജെ.ഡിയും ജെ.ഡി.യുവും 17 സീറ്റുകൾ വീതമാണ് മത്സരിക്കുന്നത്. രണ്ട് സീറ്റ് സി.പി.ഐ (എം.എൽ) മത്സരിക്കും. നാല് സീറ്റ് കോൺഗ്രസിന് നൽകാമെന്നാണ് ആർ.ജെ.ഡി നിലപാട്.
ആർ.ജെ.ഡി നിലപാടിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിക്ക് നാല് സീറ്റ് മാത്രം നൽകാമെന്ന വാഗ്ദാനം അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.