പ്രിഡേറ്റർ ഡ്രോൺ ഇടപാട് റഫാൽ അഴിമതിക്ക് സമാനം: കോണ്‍ഗ്രസ്

അമേരിക്കൻ പര്യടനത്തിനിടെ നരേന്ദ്ര മോദിയും ജോബെഡനും സംയുക്തമായാണ് ഇന്ത്യ അമേരിക്കയിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്

Update: 2023-06-28 13:17 GMT
Advertising

ഡല്‍ഹി: പ്രിഡേറ്റർ ഡ്രോൺ ഇടപാടിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. അമിതവില നൽകി ഡ്രോണുകൾ വാങ്ങിയത് റഫാൽ ഇടപാടിലെ അഴിമതിക്ക് സമാനമാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ ആരോപിച്ചു. ആരോപണങ്ങൾക്ക് ബി.ജെ.പി ഇതുവരെ മറുപടി നൽകിയിട്ടില്ല.

അമേരിക്കൻ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ജോബെഡനും സംയുക്തമായാണ് ഇന്ത്യ അമേരിക്കയിൽ നിന്നും പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. എംക്യു വൺ പ്രിഡേറ്ററുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് പ്രഹര ശേഷിയുള്ള 31 എംക്യു നയൻ റിപ്പർ പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്ന കരാറിലാണ് ഇന്ത്യ ഒപ്പുവെച്ചത്. 880 കോടി രൂപ ഓരോ ഡ്രോണിനും വിലവരുന്ന കരാറിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

മറ്റ് രാജ്യങ്ങൾക്ക് നൽകിയ വിലയേക്കാൾ നാലിരട്ടി അധികം വിലയ്ക്കാണ് പ്രിഡേറ്റർ ഡ്രോണുകൾ ഇന്ത്യ വാങ്ങിയതെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേഡയുടെ ആരോപണം. റഫാൽ വിമാനങ്ങളുടെ കാര്യത്തിൽ എന്താണോ സംഭവിച്ചത് അതുതന്നെ പ്രിഡേറ്റർ ഡ്രോണുകളുടെ കാര്യത്തിലും സംഭവിച്ചു. മറ്റുള്ള രാജ്യങ്ങൾ ഇന്ത്യയുടെ നാലിലൊന്ന് വില നൽകിയാണ് ഡ്രോണുകൾ വാങ്ങിയത്. ഡ്രോൺ നിർമാണ കമ്പനിയായ ജനറൽ ആറ്റോമിക്കിൻ്റെ സി.ഇ.ഒയുമായി ഭരണാധികാരികൾക്ക് എന്താണ് ബന്ധമെന്നും പവൻ ഖേഡ ചോദിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News