രാജസ്ഥാനിൽ കോൺഗ്രസും ബിഎപിയും തമ്മില്‍ സഖ്യം

ബിഎപി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ രാജസ്ഥാനിൽ ഇൻഡ്യാ മുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്

Update: 2024-04-09 01:06 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസും ഭാരതീയ ആദിവാസി പാർട്ടിയും തമ്മിൽ സഖ്യം. കോൺഗ്രസിന്‍റെ ബൻസ്വാര സീറ്റിൽ ബിഎപി മത്സരിക്കും. പത്രിക പിൻവലിക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർഥിയെ പാർട്ടി പുറത്താക്കി. ബിഎപി അടക്കമുള്ള ചെറുകക്ഷികളുമായുള്ള സഖ്യം ഇത്തവണ രാജസ്ഥാനിൽ ഇൻഡ്യാ മുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

അവസാന മിനിറ്റിലാണ് സഖ്യം നിലവിൽ വന്നത്. കാലങ്ങളായി മത്സരിച്ചുവന്ന പട്ടികവർഗ സീറ്റായ ബൻസാര, കോൺഗ്രസ് ബി.എ.പിക്ക് വിട്ടുനൽകി. രാജ്കുമാർ റോത്ത് ആയിരിക്കും ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി. പത്രിക പിൻവലിക്കാനുള്ള അവസാന നിമിഷവും എത്താതിരുന്ന കോൺഗ്രസ് സ്ഥാനാർഥി അരവിന്ദ് ടാമോറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബഗിദൗര നിയമസഭാ സീറ്റും ബിഎപിക്ക് നൽകി. ഇവിടേയും സമാന സാഹചര്യത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പുറത്താക്കി. സി.പി.എമ്മിന് സിക്കർ സീറ്റും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിക്ക് നഗൗറും വിട്ടുനൽകി കോൺഗ്രസ് ഇത്തവണ കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സീറ്റ് നിലനിർത്തുക എന്നത് ബി.ജെ.പിക്ക് വെല്ലുവിളിയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്ന വസുന്ധരാരാജെ സിന്ധ്യയുടെ പിണക്കം മാറിയിട്ടില്ല. മന്ത്രിസഭയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്ത ഗുജ്ജർ സമുദായവും നീരസത്തിലാണ്. ചുരുവിലെ സിറ്റിംഗ് എംപിയായ രാഹുൽ കസ്വാൻ കോൺഗ്രസിലേക്ക് പോയതും വെല്ലുവിളിയാണ്. മറുവശത്ത്  കഴിഞ്ഞ രണ്ടു ലോക്സഭാ തോൽവികളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് കോൺഗ്രസ് നീക്കങ്ങൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News