മഹാരാഷ്ട്രാ നിയമസഭാ പോരിനു കച്ചമുറുക്കി എം.വി.എ; ലോക്‌സഭാ പരീക്ഷണം ആവര്‍ത്തിക്കാന്‍ സഖ്യം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയ സമവാക്യം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ മഹാവികാസ് അഘാഡി(എം.വി.എ) സഖ്യം. കോണ്‍ഗ്രസിനും ഉദ്ദവ് ശിവസേനയും(യു.ബി.ടി) എന്‍.സി.പിയും(എസ്.പി) ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശരത് പവാര്‍ പ്രഖ്യാപിച്ചു. ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ന് മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാര്‍ തെരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രാ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോലെ, സേന തലവനും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ തുടങ്ങിയ നേതാക്കളും പവാറിനൊപ്പമുണ്ടായിരുന്നു. ഈ വര്‍ഷം ഒക്ടോബറിലാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് മൂന്നു മാസം അവശേഷിക്കുന്നുണ്ടെന്നും സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് പവാര്‍ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.വി.എ സഖ്യത്തിന്റൈ ഭാഗമായിരുന്ന ചെറിയ പാര്‍ട്ടികളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം വലിയ പാര്‍ട്ടികള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. (മഹാഭാരതത്തില്‍) അര്‍ജുനന്റെ ലക്ഷ്യം ഒരു കണ്ണായിരുന്നെങ്കില്‍ നമ്മുടെയെല്ലാം കണ്ണുകള്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണെന്നും എം.വി.എ സഖ്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പവാര്‍ പറഞ്ഞു.
2019 നവംബര്‍ മുതല്‍ 2022 ജൂണ്‍ വരെ മഹാരാഷ്ട്ര ഭരിച്ച ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.വി.എ സര്‍ക്കാരിനെ ബി.ജെ.പി ഓപറേഷന്‍ താമരയിലൂടെ അട്ടിമറിക്കുകയായിരുന്നു. സേന നേതാവായിരുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തായിരുന്നു ബി.ജെ.പി അധികാരം തട്ടിയെടുത്തത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. അധികം വൈകാതെ എന്‍.സി.പിയില്‍നിന്ന് അജിത് പവാറിനെയും മുന്നണിയിലെത്തിച്ച് പ്രതിപക്ഷ ക്യംാപിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കി ബി.ജെ.പി. എന്നാല്‍, ഈ രാഷ്ട്രീയ നീക്കങ്ങള്‍ക്കെല്ലാമുള്ള കനത്ത തിരിച്ചടിയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനമാണ് എം.വി.എ സഖ്യം കാഴ്ചവച്ചത്. ആകെ 48 സീറ്റില്‍ 31ഉം സഖ്യം നേടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിനു വന്‍ തിരിച്ചടി നല്‍കി. കോണ്‍ഗ്രസ് 13 ഇടത്ത് ജയിച്ചപ്പോള്‍ ഉദ്ദവ് സേന ഒന്‍പതും എന്‍.സി.പി എട്ടും സീറ്റുകള്‍ സ്വന്തമാക്കി.
Summary: Congress, Shiv Sena (UBT) and NCP (SP) to contest Maharashtra polls together: Sharad Pawar