അംബേദ്കര്‍ പരാമര്‍ശം; ഇന്‍ഡ്യയുടെ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ സംഘര്‍ഷം, ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ കയ്യാങ്കളി
അംബേദ്കർ പ്രതിമക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി
ഡല്‍ഹി: ഡല്‍ഹി: അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പാർലമെന്‍റിന് മുന്നിൽ ഇൻഡ്യാ സഖ്യത്തിന്‍റെ ഉജ്ജ്വല പ്രതിഷേധം. നീലവേഷമണിഞ്ഞ്, ജയ്ഭീം മുദ്രാവാക്യം മുഴക്കിയായിരുന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. പ്രതിപക്ഷ നീക്കത്തിൽ ഞെട്ടിയ ഭരണപക്ഷം പ്രതിരോധവുമായി രംഗത്തിറങ്ങി. അംബേദ്കറിന്‍റെ പ്ലകാർഡുകളുമായി ഇറങ്ങിയ ബിജെപി എംപിമാർ ഇൻഡ്യ സഖ്യ നേതാക്കളെ കയ്യേറ്റം ചെയ്തു. അയവില്ലാത്ത പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും തടസപ്പെട്ടു.
പാർലമെൻ്റ് വളപ്പിലെ ഡോ. അംബേദ്കര്‍ പ്രതിമക്ക് മുന്നിൽ നിന്നാണ് ഇന്‍ഡ്യാ മുന്നണി എംപിമാർ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. കോൺഗ്രസ് അംബേദ്കറെ അപമാനിച്ചുവെന്ന് ആരോപിച്ച് ബിജെപി എംപിമാർ പാർലമെൻ്റ വളപ്പിൽ സമരത്തിനായി ഒത്തുകൂടിയിരുന്നു.ഇരുവിഭാഗവും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് വാക്കേറ്റം ആരംഭിച്ചത്.
ഒഡിഷയിൽ നിന്നുള്ള ബിജെപി എംപി പ്രതാപ്‍ചന്ദ്ര സാരംഗി കുഴഞ്ഞുവീണെന്നും രാഹുൽ ഗാന്ധിയുടെ ബല പ്രയോഗം മൂലമാണെനും ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. അമിത് ഷാക്കെതിരെ മല്ലികാർജുന്‍ ഖാര്‍ഗെ പാർലമെൻ്റിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി. അമിത്ഷായുടെ രാജി ഉണ്ടാകുന്നത് വരെ പ്രതിഷേധത്തിൽനിന്നും പിന്മാറില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.