വകുപ്പ് എവിടെ? മഹാരാഷ്ട്രയിൽ മന്ത്രിമാരുടെ വകുപ്പുകൾ ഇപ്പോഴും തീരുമാനമായില്ല, തർക്കം തുടരുന്നു
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും കാര്യങ്ങൾ നീണ്ടുപോകുന്നതിൽ മന്ത്രിമാരായി ചുമതലയേറ്റവർക്കും അതൃപ്തിയുണ്ട്
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ കീഴിലുളള മഹായുതി മന്ത്രിസഭയുടെ പ്രവര്‍ത്തനം വകുപ്പില്ലാതെ.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിന്‍ഡെയും അജിത് പവാറും അധികാരമേറ്റെങ്കിലും വകുപ്പുകള്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഡിസംബര്‍ 15നാണ് 39 പേരെ കൂടി ഉള്‍പ്പെടുത്തി ഫഡ്നാവിസ് മന്ത്രിസഭ വികസിപ്പിച്ചത്. ഇവരുടെ വകുപ്പുകളും തീരുമാനമായിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിലെ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ചില മാറ്റങ്ങളോടെ വകുപ്പ് വിഭജനം ഉടന്‍ ഉണ്ടാകുമെന്നാണ് മുന്നണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഉടന്‍ എന്ന് പറയുന്നത് അല്ലാതെ എന്നുണ്ടാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെയാകും ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുക. കൂടാതെ റവന്യൂ വകുപ്പും നിലനിർത്തും. ഉപമുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിൻഡെയ്ക്ക് പൊതുമരാമത്ത് വകുപ്പിന് പുറമെ നഗരവികസന മന്ത്രാലയവും മറ്റൊരു ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് ധനകാര്യവും കൂടാതെ കൃഷി വകുപ്പും നൽകുമെന്നുമാണ് വിവരം.
ഇതില്‍ ഷിന്‍ഡെക്കാണ് കാര്യമായ എതിര്‍പ്പുള്ളത്. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നാണ് ഷിന്‍ഡെ പറയുന്നത്. എന്നാല്‍ അഭ്യന്തരം വിട്ടൊരു കളിയില്ലെന്ന് ബിജെപിയും. എന്നാല്‍ ധനവകുപ്പിന് പുറമെ കൃഷിയല്ലാത്ത മറ്റൊരു വകുപ്പും അജിത് പവാര്‍ ചോദിക്കുന്നുണ്ട്.
ഇതിനിടെ ആഭ്യന്തര വകുപ്പിന്റെ വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം ഫഡ്നാവിസ് പുറത്തിറക്കുകയും ചെയ്തു. അതായത് ആഭ്യന്തര വകുപ്പില്‍ മറ്റൊരാളും കണ്ണുവെക്കേണ്ടെന്ന് വ്യക്തമാക്കുകയാണ് ഫഡ്നാവിസ്.
അതേസമയം മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും വകുപ്പ് വിഭജനം എങ്ങുമെത്താത്തില്‍ അജിത് പവാര്‍ അസ്വസ്ഥനാണെന്നാണ് വിവരം. ധനകാര്യ വകുപ്പിന് പുറമെ പൂനെ ജില്ലയുടെ കാര്യങ്ങള്‍ നോക്കുന്ന മന്ത്രിയാകാനാണ് അജിത് പവാറിന് താത്പര്യം. എന്നാല്‍ അതാകട്ടെ ബിജെപിക്ക് താത്പര്യവുമില്ല. ബിജെപിയുടെ മുതിർന്ന നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിനെ പൂനെ ജില്ലയുടെ മന്ത്രി ചുമതല കൊടുക്കാനാണ് ഫഡ്നാവിസിന് താത്പര്യം.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്ക് കണ്ണുവെക്കുന്ന ബിജെപിക്ക് പൂനെ പ്രധാനപ്പെട്ട ജില്ലയാണ്. ഇവിടെ രാഷ്ട്രീയമായി തന്നെ ഉപയോഗപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അജിത് പവാര്‍ വിഭാഗം നീങ്ങുന്നതും ഇതെ ലക്ഷ്യം കണ്ടാണ്.
അതേസമയം വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും കാര്യങ്ങൾ നീണ്ടുപോകുന്നതിൽ മന്ത്രിമാരായി ചുമതലയേറ്റവർക്കും അതൃപ്തിയുണ്ട്. അവരത് പരസ്യമായി പറയുന്നില്ലെന്ന് മാത്രം.
''മഹായുതി സര്‍ക്കാറിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിനാല്‍ എല്ലം എളുപ്പവുമാകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ അനുദിനം കൂടുതൽ കുഴപ്പത്തിലാകുകയാണ്. മൂന്ന് പാർട്ടികളുടെയും നേതാക്കൾ പ്രശ്നങ്ങള്‍ പരിഹരിക്കണം. അല്ലാത്തപക്ഷം അത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഏകദേശം ഒരു മാസമായെങ്കിലും കാര്യങ്ങൾ ഇതുവരെയും നടന്നിട്ടില്ല''- പേര് വെളിപ്പെടുത്താത്തൊരു മന്ത്രിയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ മന്ത്രിസഭയില്‍ മുൻ മഹായുതി സർക്കാരിലെ 10 മന്ത്രിമാരെ ഒഴിവാക്കിയപ്പോൾ 16 പുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. ബിജെപിക്ക് 19 മന്ത്രിസ്ഥാനങ്ങളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 11ഉം അജിത് പവാറിൻ്റെ എൻസിപിക്ക് ഒമ്പതും മന്ത്രിസ്ഥാനങ്ങളാണ് ലഭിച്ചത്.