രാഹുലിനെതിരായ അപകീർത്തിക്കേസിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; ഈ മാസം 12ന് മൗന സത്യാഗ്രഹം
രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് . ഈ മാസം 12ന് രാഹുല്‍ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് പാര്‍ട്ടി മൗന സത്യാഗ്രഹം സംഘടിപ്പിക്കും. രാഹുലിനെതിരായ കീഴ്ക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉടൻ സുപ്രീംകോടതി സമീപിക്കും.
രാഹുൽ ഗാന്ധിയുടെ അയോഗ്യത കർണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റാൻ കഴിഞ്ഞു എന്നതാണ് കോൺഗ്രസിനു ആത്മവിശ്വാസം നൽകുന്നത് . രാഹുൽ ഗാന്ധിയെ ബി.ജെ.പി വേട്ടയാടുന്നുവെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ ഇ മാസം 12ന് സത്യഗ്രഹം സംഘടിപ്പിക്കാൻ പിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍, പോഷക സംഘടനകള്‍ എന്നിവരടക്കം പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും എ.ഐ.സി.സി നിർദ്ദേശമുണ്ട്.
ലോക്സഭയ്ക്ക് അകത്തുള്ളതിനേക്കാൾ സ്വീകാര്യത വെറും കോൺഗ്രസ് പ്രവർത്തകനായി നിൽക്കുമ്പോൾ രാഹുലിന് ലഭിക്കുന്നതും കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. പക്ഷെ സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടായില്ലെങ്കിൽ രാഹുൽ 2 വർഷം തടവു ശിക്ഷ അനുഭവിക്കേണ്ട വരുമെന്നതും അടുത്ത രണ്ടു പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്നതും കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പഴുതുകൾ അടച്ചുകൊണ്ടുള്ള ഹരജിയുമായി സുപ്രീംകോടതിയിലെത്താനാണ് കോൺഗ്രസ് നീക്കം.