മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകള്‍ ബിജെപിയില്‍ ചേര്‍ന്നു
അര്‍ച്ചനയുടെ ഭര്‍ത്താവ് ഷൈലേഷ് പാട്ടീല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ്.
മുംബൈ: മുന്‍ ലോക്‌സഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടിലിന്റെ മരുമകള്‍ അര്‍ച്ചന പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നു. അര്‍ച്ചനയുടെ ഭര്‍ത്താവ് ഷൈലേഷ് പാട്ടീല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയാണ്. ഉദ്ഗിറിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്‌സണ്‍ ആണ് അര്‍ച്ചന പാട്ടീല്‍. പ്രധാനമന്ത്രിയുടെ നാരീ ശക്തി വന്ദന്‍ അഭിയാന്‍ പദ്ധതിയില്‍ ആകൃഷ്ടയായ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ബിജെപിയെ തെരഞ്ഞെടുക്കുകയാണെന്ന് അര്‍ച്ചന പ്രതികരിച്ചു. ബിജെപിക്കായി താഴെത്തട്ടുമുതലുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്ന് വ്യക്തമാക്കിയ അര്‍ച്ചന, താനൊരിക്കലും കോണ്‍ഗ്രസ് ആയിരുന്നില്ലെന്നും പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ നേരില്‍ കണ്ടാണ് അര്‍ച്ചന ബിജെപി അംഗത്വം സ്വീകരിച്ചത്.
2004- 2008 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനു കീഴില്‍ കേന്ദ്ര മന്ത്രിയായിരുന്നു ശിവരാജ് പാട്ടീല്‍.
ഏപ്രില്‍ 19 ന് സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം. അര്‍ച്ചന പാട്ടീലിന്റെ പാര്‍ട്ടി പ്രവേശനം ബിജെപിക്ക് ഗുണകരമാണെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ശിവരാജ് പാട്ടീലിനെ പോലുള്ള മുതിര്‍ന്ന നേതാവിന്റെ കുടുംബാംഗം ബിജെപിയിലേക്ക് എത്തിയത് വലിയ കാര്യമാണ്. ശിവരാജ് പാട്ടീലിന് രാഷ്ട്രീയ പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തില്‍ നിന്നാണ് അര്‍ച്ചന വരുന്നത്. അത് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കൊണ്ടാണ് അവര്‍ പാര്‍ട്ടിയിലെത്തിയതെന്നും ഫട്‌നാവിസ് പറഞ്ഞു.