ലോക്‌സഭാതെരഞ്ഞടുപ്പ്; യുവനേതാക്കൾക്കായി മത്സരത്തില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, കമല്‍നാഥ്, ദിഗ്‌വിജയ സിംഗ്, ഹരീഷ് റാവത്ത്, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം

Update: 2024-03-12 05:08 GMT
Advertising

ഡല്‍ഹി: ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞടുപ്പിന് മുന്നോടിയായി ഇന്നലെ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി രണ്ടാം യോഗം ചേര്‍ന്നു. ഗുജറാത്ത് (14), രാജസ്ഥാന്‍ (13), മധ്യപ്രദേശ് (16), അസം (14), ഉത്തരാഖണ്ഡ് (5) തുടങ്ങിയ സംസ്ഥാനങ്ങളിലെ 62 സീറ്റുകളിലാണ് ചര്‍ച്ച ചെയ്തത്.

മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്‌ലോട്ട്, കമല്‍നാഥ്, ദിഗ്‌വിജയ സിംഗ്, ഹരീഷ് റാവത്ത്, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇവരാരും താല്‍പര്യം കാണിക്കുന്നില്ലെന്നും പകരം മറ്റ് നേതാക്കളുടെ പേരുകള്‍ പറഞ്ഞുവെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ മുന്‍മുഖ്യ മന്ത്രി അശോക് ഗെഹ്‌ലോട്ട് തനിക്ക് പകരം മകന്‍ വൈഭവിന്റെ പേര് മുന്നോട്ടുവെച്ചു. ജലോര്‍ സീറ്റില്‍ നിന്ന് വൈഭവിന്റെ പേര് കോണ്‍ഗ്രസ് കേന്ദ്ര പാനല്‍ നീക്കം ചെയ്തു.

നിലവില്‍ അശോക് ഗെഹ്‌ലോട്ടിന്റെ മണ്ഡലമായ ജോധ്പൂരിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തില്ല. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും ചിന്ദ്വാരയില്‍ നിന്നുള്ള സിറ്റിംഗ് എം.പിയുമായ നകുല്‍ നാഥ് വീണ്ടും മത്സരിക്കുമെന്നും സൂചനകളുണ്ട്.

ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഹരിദ്വാറില്‍ മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. പകരം മകന്‍ വീരേന്ദ്ര റാവത്തിന് സ്ഥാനാർത്ഥിത്വം നല്‍കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

മത്സരിക്കുന്നതിന് പകരം രാജസ്ഥാനിലെ നാല് ലോക്‌സഭാ സീറ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സച്ചിന്‍ പൈലറ്റ് ഉറപ്പ് നല്‍കി. പാര്‍ട്ടിയുടെ നിലവിലുള്ള സ്ഥിതി മെച്ചപ്പടുത്താന്‍ ഛത്തീസ്ഗഡില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ സീറ്റുകളും യോഗത്തില്‍ ചര്‍ച്ചയായെങ്കിലും കോണ്‍ഗ്രസിന് സഖ്യം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.

അതിര്‍ത്തി നിര്‍ണ്ണയത്തെ തുടര്‍ന്ന് മുന്‍ സീറ്റായ കാലിയാബോര്‍ മാറിയതിനാല്‍ ഗൗരവ് ഗൊഗോയ് ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പിതാവ് തരുണ്‍ ഗൊഗോയിയുടെ നാടായ ജോര്‍ഹട്ടില്‍ നിന്ന് മത്സരിക്കാനാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ നിര്‍ണായക സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അടുത്ത യോഗം മാര്‍ച്ച് 15 ന് നടക്കും.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News