'മധ്യപ്രദേശിൽ കോൺഗ്രസ് ജയം ഉറപ്പ്'; ബി.ജെ.പി പണം നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന് ശോഭ ഓജ
തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ശോഭ ഓജ മീഡിയവണിനോട് പറഞ്ഞു.
ഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസ് ഉറപ്പായും വിജയിക്കുമെന്ന് കോൺഗ്രസ് വക്താവ് ശോഭ ഓജ. ഇത് മനസ്സിലാക്കിയ ബിജെപി തെറ്റായ മാർഗങ്ങൾ സ്വീകരിക്കുന്നുവെന്നും പണം നൽകി വോട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്നും ശോഭ ഓജ മീഡിയവണിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സംവിധാനത്തെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാക്കൾക്ക് എതിരെ ശക്തമായ നടപടി വേണമെന്നും ശോഭ ഓജ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും ശോഭ ഓജ വ്യക്തമാക്കി.
അതേസമയം, മധ്യപ്രദേശ് ബി.ജെ.പിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ റസ്തം സിങ്ങും ഉൾപ്പെടെ ആറ് ബി.ജെ.പി നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവച്ചു. ബി.ജെ.പിക്കെതിരെ വിമതരായ മത്സരിക്കുമെന്ന് സീറ്റ് ലഭിക്കാത്ത നേതാക്കൾ മുന്നറിയിപ്പ് നൽകി. കോൺഗ്രസിൽ 40 സീറ്റുകളിലും തർക്കമുണ്ട്.
മൂന്ന് മന്ത്രിമാരടക്കമുള്ള 29 എം.എൽ.എമാർക്കാണ് ബി.ജെ.പി മധ്യപ്രദേശിൽ സീറ്റ് നിഷേധിച്ചത്. ഇതിനു പിന്നാലെയാണ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ റസ്തം സിങ്ങും അടക്കമുള്ള ആറ് ബി.ജെ.പി നേതാക്കൾ രാജിവച്ചത്. ഗ്വാളിയോർ- ചമ്പൽ മേഖലയിലെ ഗുർജാർ നേതാവാണ് റുസ്തം സിങ്. മൊറേന മണ്ഡലത്തിൽ മത്സരിക്കാനായി റുസ്തം ശക്തമായി രംഗത്തുണ്ടായിരുന്നെങ്കിലും പാർട്ടി സീറ്റ് നിഷേധിച്ചു. റുസ്തം സിങ്ങിന്റെ മകൻ രാകേഷ് സിങ് ബി.എസ്.പി സ്ഥാനാർഥിയായി മൊറേനയിൽ മത്സരിക്കുന്നുണ്ട്. പാർട്ടി വിട്ട സിങ് മൊറേനയിൽ മകന് വേണ്ടി പ്രചാരണം നടത്തുമെങ്കിൽ അത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും. സീറ്റ് നിഷേധിച്ച തിരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ വിമതരായി മത്സരിക്കുമെന്ന് ബി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകി.
അതേസമയം, ആറ് സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കി നടത്തിയ സ്ഥാനാർഥി പ്രഖ്യാപനമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ഇപ്പോൾ തലവേദനയായിരിക്കുന്നത്. ഹുസൂര്‍ മണ്ഡലത്തിലെ സ്ഥാനാർഥിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിന്റെ വസതിക്ക് മുന്നിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.