സോഷ്യൽമീഡിയയിൽ ബലാത്സം​ഗ ഭീഷണി മുഴക്കിയ ആളെ വീട്ടിലെത്തി തല്ലി യുപിയിലെ കോൺ​ഗ്രസ് വനിതാ നേതാവ്

സാഫ്രോൺ രാജേഷ് സിങ് എന്ന എക്സ് ഹാൻഡിൽ ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെയാണ് ഇവർ അടിച്ചത്.

Update: 2024-09-15 16:17 GMT
Advertising

ലഖ്നൗ: സോഷ്യൽമീഡിയയിൽ തനിക്കെതിരെ ബലാത്സം​ഗ ഭീഷണി മുഴക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തയാളെ വീട്ടിലെത്തി തല്ലി കോൺ​ഗ്രസ് വനിതാ നേതാവ്. യു.പിയിൽനിന്നുള്ള കോൺ​ഗ്രസ്- യൂത്ത് കോൺ​ഗ്രസ് നേതാവായ റോഷ്നി കുശാൽ ജയ്സ്വാളാണ് സാഫ്രോൺ രാജേഷ് സിങ് എന്ന സോഷ്യൽമീഡിയ അക്കൗണ്ട് ഉടമയും വാരാണസി സ്വദേശിയുമായ രാജേഷ് സിങ്ങിനെ അടിച്ചത്. ഞായറാഴ്ച വാരാണസിയിലെ ലാൽപൂർ-പാണ്ഡേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

സ്ത്രീകളടക്കമുള്ള കോൺ​ഗ്രസ് സഹപ്രവർത്തകർക്കൊപ്പമെത്തിയായിരുന്നു രാജേഷിനെ ഭാര്യയുടെയും മകളുടേയും മുന്നിലിട്ട് റോഷ്നി കൈകാര്യം ചെയ്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഷ്നിയും പാർട്ടി പ്രവർത്തകരും സാഫ്രോൺ രാജേഷ് സിങ്ങിൻ്റെ വീട്ടിലെത്തി ബലാത്സം​ഗ ഭീഷണിയെ കുറിച്ച് ചോദ്യം ചെയ്തതോടെ ഇവരും ഇയാളുടെ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പാർട്ടി പ്രവർത്തകരിൽ ചിലർ ഇയാളെ പിടിച്ചുവയ്ക്കുകയും റോഷ്നി മുഖത്തടിക്കുകയായിരുന്നു.

ഇതിനിടെ, ഇവിടേക്കെത്തിയ ഭാര്യയും മകളും ഇയാളെ സംഘത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയും വിട്ടയക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. തുടർന്ന് ഭാര്യയും മകളും ചേർന്ന് രാജേഷിനെ വീട്ടിലേക്ക് രക്ഷിച്ചുകൊണ്ടുപോവുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് പൊലീസിനെ സമീപിച്ച റോഷ്നി, രാജേഷ് സിങ്ങിനെതിരെ ബലാത്സം​ഗ ഭീഷണിയുടെയും അശ്ലീല പരാമർശങ്ങളുടേയും സ്ക്രീൻഷോട്ടുകളടക്കം പരാതി നൽകുകയും ചെയ്തു.

സാഫ്രോൺ രാജേഷ് സിങ് എന്നയാൾ തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും നാല് വർഷത്തിലേറെയായി സോഷ്യൽമീഡിയയിൽ തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുകയാണെന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗർഭിണിയാക്കുമെന്നും പറഞ്ഞ് ഇയാൾ പലതവണ പോസ്റ്റിട്ടതായും വനിതാ നേതാവ് വ്യക്തമാക്കി. ഇയാൾ എങ്ങനെയുള്ള ആളാണെന്ന് ഭാര്യയ്ക്കും മകൾക്കും മനസിലാകാൻ വേണ്ടിയാണ് വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു. താൻ ചെയ്തത് മറ്റ് സ്ത്രീകൾക്ക് പ്രചോദനം ആകാൻ വേണ്ടിയാണെന്നും ഇനിയുമിത്തരം സംഭവങ്ങൾക്കെതിരെ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. ഇയാൾക്കെതിരെ പൊലീസ് എത്രയും വേ​ഗം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News