കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ ലഭിക്കില്ല; യു.പിയിൽ സംപൂജ്യരാകും: മോദി
ഒരിക്കലും അഴിമതി നടത്തരുതെന്നും പാവങ്ങളെ മറക്കരുതെന്നുമാണ് അമ്മ തനിക്ക് നൽകിയ ഉപദേശമെന്ന് മോദി പറഞ്ഞു.
വരാണസി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40ൽ കൂടുതൽ സീറ്റ് ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ അവർക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലേക്ക് ഒളിച്ചോടിപ്പോയ രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലിയിൽ തിരിച്ചെത്തിയിരിക്കുകയാണെന്നും മോദി പരിഹസിച്ചു. ഇന്ത്യാ ടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയാണ് തങ്ങളുടെ ലക്ഷ്യം. കോൺഗ്രസിന് 40 സീറ്റുകൾ പോലും പിന്നിടാനാവില്ല. ഗംഗാ മാതാവ് തന്നെ ദത്തെടുക്കുകയായിരുന്നു. ഗംഗാ മാതാവ് വിളിച്ചതുകൊണ്ടാണ് ഇവിടെ വന്നത്. എന്ത് ചെയ്യുമ്പോഴും ഗംഗാ മാതാവിനോട് പ്രാർഥിക്കാറുണ്ടെന്നും മോദി പറഞ്ഞു.
2022ൽ അമ്മ ഹീരാബെന്നിനെ സന്ദർശിച്ചപ്പോൾ അവർ നൽകിയ ഉപദേശവും മോദി ഓർത്തെടുത്തു. മാതാവിന് 100 വയസ്സായപ്പോൾ അവരെ കാണാൻ പോയി. അന്ന് ഒരിക്കലും കൈക്കൂലി വാങ്ങരുതെന്നും പാവങ്ങളെ മറക്കരുതെന്നുമുള്ള ഉപദേശമാണ് അവർ തനിക്ക് നൽകിയതെന്നും മോദി പറഞ്ഞു.