വനിതകൾക്ക് ഒരു ലക്ഷം: തരംഗമായി കോൺഗ്രസിന്റെ മഹാലക്ഷ്മി പദ്ധതി; ബിജെപി ക്യാമ്പിൽ ഞെട്ടൽ
പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസ് നൽകിയത്.
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി വനിതകൾക്കായി കോൺഗ്രസ് പ്രഖ്യാപിച്ച മഹാലക്ഷ്മി പദ്ധതി വോട്ടെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്. പാവപ്പെട്ട സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപ വീതം നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് കോൺഗ്രസിന് വോട്ടെടുപ്പിൽ നേട്ടമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിച്ചാൽ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് നാലാം ഘട്ട വോട്ടെടുപ്പിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. തിങ്കളാഴ്ച റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.
'ജൂലൈ ഒന്നിന് പാവപ്പെട്ട സ്ത്രീകൾ അവരുടെ അക്കൗണ്ട് പരിശോധിക്കുമ്പോൾ 8,500 രൂപ കാണും. ഇത് എല്ലാ മാസവും ഒന്നാം തീയതി കൃത്യമായി നടപ്പിലാവും'- അദ്ദേഹം പറഞ്ഞു. പദ്ധതി പ്രഖ്യാപനം വോട്ടർമാരെ ആകർശിക്കാൻ കഴിഞ്ഞെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ പദ്ധതി കൂടുതൽ ജനകീയമാക്കാനും കൂടുതൽ സ്ത്രീ വോട്ട് ആകർഷിക്കാനുമായി ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിൽ കൂടുതൽ പ്രചാരണം നടത്താനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി പാർട്ടി പുറത്തിറക്കിയ #ഏക് ലാക്ക് കി ലൈൻ (ഒരു ലക്ഷത്തിന്റെ വഴി) കാംപയിൻ എക്സിലടക്കം ട്രെൻഡിങ്ങായി കഴിഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളായ ഹരിയാന, യുപി, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ എല്ലാ ദരിദ്രവീട്ടിലെയും സ്ത്രീകൾക്കിടയിലേക്കും കോൺഗ്രസ് ഈ പദ്ധതി പരിചയപ്പെടുത്തി രംഗത്തെത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹോർഡിങ്ങുകൾ, സോഷ്യൽമീഡിയ തുടങ്ങിയവയിലൂടെയായിരിക്കും പ്രചാരണം നടത്തുക. നിലവിൽ മോദിയുടെ വിദ്വേഷ പ്രസംഗങ്ങളും അദാനി- അംബാനി സഹായത്തെ ചൊല്ലിയുള്ള രാഹുലിന്റെ വെല്ലുവിളിയും കർണാടകയിലെ പ്രജ്വൽ രേവണ്ണ ലൈംഗികാതിക്രമ വിവാദവും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് മുതലാക്കി മഹാലക്ഷ്മി പദ്ധതി കൂടുതൽ വോട്ടർമാരിലേക്കെത്തിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. കോൺഗ്രസ് നീക്കം ബിജെപി ക്യാമ്പിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
കോൺഗ്രസ് പ്രകടന പത്രികയിലെ മഹാലക്ഷ്മി പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുമെന്ന് അധികാരത്തിലെത്തിയാൽ പാർട്ടി ഉറപ്പാക്കും. നേരത്തെ, പാർട്ടി പ്രകടനപത്രികയിലെ വിവിധ വാഗ്ദാനങ്ങൾ ഉദ്ധരിച്ച് ഒറ്റയടിക്ക് ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.
'നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെങ്കിൽ എല്ലാ വർഷവും ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് വന്നുകൊണ്ടേയിരിക്കും. ഒറ്റയടിക്ക് ഞങ്ങൾ ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം ഇല്ലാതാക്കും'- അദ്ദേഹം പറഞ്ഞു. ജൂൺ നാലിന് എല്ലാ പാവപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കും. ഓരോ കുടുംബത്തിൽ നിന്നും ഒരു സ്ത്രീയുടെ പേര് തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ദാരിദ്ര്യ നിർമാർജനം നടത്തുമെന്ന പ്രസ്താവനയിൽ, രാഹുലിനെ രാജകീയ മാന്ത്രികൻ എന്ന് വിളിച്ച് പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദി സർക്കാർ രാജ്യത്ത് 22 ശതകോടീശ്വരന്മാരെ സൃഷ്ടിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ ലക്ഷക്കണക്കിനാളുകളെ 'ലക്ഷാധിപതികളാക്കാൻ' ശ്രമിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കൾ വിദ്വേഷ പരാമർശങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുമ്പോൾ ദാരിദ്ര്യനിർമാർജനവും തൊഴിലില്ലായ്മാ ഉന്മൂലനവും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളിലൂടെ വോട്ടർമാരെ ഇൻഡ്യ മുന്നണിക്കൊപ്പം നിർത്താനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.