പാകിസ്‌താനെ ബഹുമാനിക്കണം, അല്ലെങ്കിലവർ ആറ്റംബോംബിടുമെന്ന് മണിശങ്കർ അയ്യർ; വിമർശിച്ച് ബിജെപി
മണിശങ്കർ അയ്യർ പാകിസ്‌താനിലേക്ക് പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു
ഡൽഹി: പാകിസ്‌താനെ പ്രകോപിക്കുന്നത് നിർത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യ പാകിസ്‌താനുമായി ചർച്ച നടത്തുകയാണ് വേണ്ടത്. സൈനികബലം കാണിച്ച് പ്രകോപിപ്പിച്ചാൽ ഇന്ത്യക്കെതിരേ പാകിസ്‌താൻ അണുവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.
സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കർക്കശമായി സംസാരിക്കാം. എന്നാൽ, അയൽരാജ്യത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരുമെന്നും അയ്യർ പറഞ്ഞു.
"അവരുടെ കയ്യിൽ ആറ്റംബോംബുണ്ട്. നമുക്കുമുണ്ട്. പക്ഷേ, ഒരു ഭ്രാന്തൻ ലാഹോറിൽ ബോംബ് ഇടാൻ തീരുമാനിച്ചാൽ,അതിന്റെ വികിരണം അമൃത്സറിലെത്താൻ 8 സെക്കൻഡ് പോലും വേണ്ടിവരില്ല. നാം അവരെ ബഹുമാനിക്കുകയാണെങ്കില്‍ അവര്‍ സമാധാനപരമായി നിലകൊള്ളും. മറിച്ച് അവരെ അവഗണിച്ചാൽ, ഒരു 'ഭ്രാന്തൻ' ഇന്ത്യയിൽ വന്ന് ബോംബ് പ്രയോഗിക്കാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും'; അയ്യർ ചോദിക്കുന്നു.
പാകിസ്‌താനുമായുള്ള നമ്മുടെ പ്രശ്‌നങ്ങൾ എത്ര ഗൗരവമേറിയതാണെങ്കിലും വിശ്വഗുരു ആകണമെങ്കിൽ അവ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുവെന്ന് കാണിക്കണം. വിശ്വഗുരു ആകണമെങ്കിൽ, അവ പരിഹരിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുവെന്ന് കാണിക്കണം. എന്നാല്‍, ഇക്കഴിഞ്ഞ പത്തുകൊല്ലത്തില്‍ ഒരു കഠിനപ്രയത്‌നവും ഉണ്ടായിട്ടില്ലെന്നും അയ്യർ പറഞ്ഞു.
ഏപ്രില്‍ 15-ന് ചില്‍ പില്ലുമായി നടത്തിയ അഭിമുഖത്തിലാണ് മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങൾ. എന്നാൽ, അയ്യരുടെ പരാമർശങ്ങൾ പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടത്തിനായി അയ്യരുടെ പഴയ അഭിമുഖം ബിജെപി കുത്തിപ്പൊക്കിയതാണെന്നാണ് കോൺഗ്രസ് പറയുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മണിശങ്കർ അയ്യർ നടത്തിയ ചില പരാമർശങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണമായും വിയോജിക്കുന്നവെന്നും പാർട്ടി അറിയിച്ചു.
മണിശങ്കർ അയ്യരുടെ പരാമർശങ്ങൾ വിവാദമാക്കുകയാണ് ബിജെപി. അയ്യർ പാകിസ്‌താനിലേക്ക് പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്.ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്‌താനൊപ്പമെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുകയും ഹൃദയം പാക്കിസ്ഥാനൊപ്പവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.