200 കോടിയുടെ തട്ടിപ്പ്; നടി ജാക്വലിനെ പരിചയപ്പെടാന്‍ പിങ്കി ഇറാനിക്ക് സുകേഷ് നല്‍കിയത് വന്‍ തുക
സുകേഷുമായുള്ള ജാക്വിലിൻ ഫെർണാണ്ടിന്റെ സ്വകാര്യചിത്രം പുറത്തുവന്നതിനു പിന്നാലെ നടിയെ ഇ.ഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു
200 കോടി രൂപയുടെ തട്ടിപ്പു കേസ് പ്രതി സുകേഷ് ചന്ദ്രശേഖർ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ പരിചയപ്പെടാൻ സഹായി പിങ്കി ഇറാനിക്ക് വന്‍ തുക നല്‍കിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിഹാര്‍ ജയിലില്‍വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തിയതായും ഇതിനു പകരമായി വൻതുക ലഭിച്ചതായും പിങ്കി ഇറാനിയുടെ വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച സുകേഷ് ചന്ദ്രശേഖറിനെയും പിങ്കി ഇറാനിയെയും ഒരുമിച്ചിരുത്തിയും അല്ലാതെയും ഇ.ഡി ചോദ്യം ചെയ്യുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പിങ്കി ഇറാനിയെ അടുത്തിടെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
സുകേഷുമായുള്ള ജാക്വിലിൻ ഫെർണാണ്ടിന്റെ സ്വകാര്യചിത്രം പുറത്തുവന്നതിനു പിന്നാലെ നടിയെ ഇ.ഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചെന്നൈയിൽ വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
ശേഖർ രത്നവേല എന്ന പേരിലാണ് സുകേഷ് ജാക്വിലിനുമായി അടുക്കാൻ ശ്രമിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ മുട്ടത്തില്‍ വഴിയാണ് ജാക്വിലിനുമായി അടുപ്പം സ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫിസ് നമ്പരിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നല്‍കിയതായും ഇ.ഡി കണ്ടെത്തി.
52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്കു നൽകിയത്. 2021 ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷുമായി നടി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നു. സുകേഷ് തനിക്ക് രണ്ട് ജോഡി ഡയമണ്ട് കമ്മലുകൾ, രണ്ട് ഹെർമിസ് ബ്രേസ്ലെറ്റുകള്, മൂന്ന് ബിർക്കിൻ ബാഗുകൾ, ഒരു ജോടി ലൂയി വിറ്റൺ ഷൂസ് എന്നിവ നൽകിയതായി കഴിഞ്ഞയാഴ്ച ജാക്വിലിന് ഇ.ഡിക്ക് നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയിരുന്നു.
നടി നോറ ഫത്തേഹിക്കും സുകേഷ് വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. അത്യാഡംബര കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ സുകേഷ് നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഫിയെയും ഇ.ഡി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.
വായ്പാ തട്ടിപ്പു കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽനിന്നു 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷും പങ്കാളിയും നടിയുമായ ലീന മരിയ പോളും കഴിഞ്ഞ ആഗസ്റ്റില്‍ അറസ്റ്റിലായത്. മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്നതിനിടെയാണ് സുകേഷ് 200 കോടിയുടെ തട്ടിപ്പു നടത്തിയത്.