'ഭരണഘടന തിരുത്തിയാല്‍ രാജിവക്കും, ബിജെപിയെ പിന്തുണക്കില്ല': കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ
ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും വരുത്തിയാല്‍ ആ നിമിഷം താന്‍ രാജിവക്കുമെന്നും രാംദാസ് അത്തവാലെ
ഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്തവാലെ. ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും വരുത്തിയാല്‍ ആ നിമിഷം താന്‍ രാജിവക്കുമെന്നും മഹാരാഷ്ട്രയില്‍ നിന്നുള്ള ദലിത് നേതാവ് കൂടിയായ രാംദാസ് അത്തവാലെ പറഞ്ഞു.
നിലവിലെ ബിജെപി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച അദ്ദേഹം കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം 400 സീറ്റ് നേടുമെന്നും പറഞ്ഞു. ഭരണഘടന തിരുത്തുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അത്തരത്തില്‍ എന്തെങ്കിലുമൊരു നീക്കം ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മന്ത്രിസഭയില്‍ നിന്നും താന്‍ രാജിവക്കുമെന്നും ബിജെപിക്കുള്ള പിന്തുള്ള അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം ലഭിച്ചാല്‍ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഭരണഘടനയില്‍ മാറ്റം വരുത്തണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 400 ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന മാറ്റി എഴുതുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഈ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.